k v thomas highspeed railroad |'അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്‍പിലുണ്ട്'; കെ വി തോമസ്
🎬 Watch Now: Feature Video
തിരുവനന്തപുരം: അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍പിലാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ്. പദ്ധതിയെ ആദ്യം മുതല്‍ ഞാന്‍ പിന്തുണ നല്‍കിയ ആളാണെന്നും നമുക്ക് സെമിസ്‌പീഡ് ഹൈസ്‌പീഡ് റെയില്‍വേ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെവി തോമസ്.
എന്തായിരിക്കണം സെമിസ്‌പീഡ് ഹൈസ്‌പീഡ് റെയില്‍വേ, അതിന് ആവശ്യമായ സാങ്കേതികത എന്നതൊക്കെ ആലോചിച്ച് ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ കേരളത്തിന് ഒരു സെമി സ്‌പീഡ് ഹൈസ്‌പീഡ് പദ്ധതി വേണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കെ റെയില്‍ എന്ന പേരില്‍ നിലവില്‍ ഒരു പദ്ധതി നിലനില്‍ക്കുന്നുണ്ട്.
ഇതുവെച്ച് തന്നെയാണ് താന്‍ ശ്രീധരനെ കാണുന്നത്. ഈ രംഗത്ത് എല്ലാവരും അംഗീകരിക്കുന്ന ഒരാളായത് കൊണ്ടാണ് ശ്രീധരനെ കാണാന്‍ കാരണം. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷമാണ് ശ്രീധരനെ കാണുന്നതെന്നും കെവി തോമസ് പറഞ്ഞു.
ഇ ശ്രീധരനുമായി നീണ്ട നാളത്തെ ബന്ധം: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ രണ്ടാമത്തെ ചെയര്‍മാനായിരുന്ന കാലം മുതല്‍ക്ക് തനിക്ക് ഇ ശ്രീധരനുമായി ബന്ധമുണ്ട്. കൊച്ചിന്‍ മെട്രോ വന്നപ്പോള്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ച ഒരാളാണ്. അദ്ദേഹത്തിന്‍റെ കഴിവ് ഞങ്ങള്‍ അംഗീകരിക്കുന്നു.
മറ്റൊരു ഉദ്യോഗസ്ഥനുമായി പോയാണ് അദ്ദേഹത്തെ കാണുന്നത്. വിശദമായി കേട്ട ശേഷം അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു. അപ്പോള്‍ അത് എഴുതി തരണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് പോലെ തയ്യാറാക്കി അദ്ദേഹം കൈമാറി.
അത് മുഖ്യമന്ത്രിക്ക് ഞാന്‍ കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയാണത് പരിശോധിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും റെയില്‍വേയുടെയും ഇടപെടലുണ്ട് എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇവര്‍ മൂന്ന് പേരും യോജിച്ച് പ്രവര്‍ത്തിച്ചാലെ ഈ പദ്ധതി മുന്നോട്ട് പോവുകയുള്ളുവെന്ന് കെ വി തോമസ് അറിയിച്ചു.
വേണ്ടത് പൊതുജന പങ്കാളിത്തം: അതോടൊപ്പം പൊതുജന പങ്കാളിത്തവും പൊതുജന സഹകരണവും വേണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വന്നപ്പോള്‍ എല്ലാവരുടെയും സഹായം തേടി കൊണ്ടാണ് നടപ്പിലാക്കിയത്. അന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു.
എന്നാല്‍, ഏറ്റവും വിജയകരമായ പദ്ധതിയായി ഇത് മാറി. മെട്രോ കൊണ്ട് വരുന്നതിന് മുന്‍കൈയെടുത്തത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍, അത് പരിഹരിക്കപ്പെട്ട് മുന്‍പോട്ട് പോകാന്‍ ഇ ശ്രീധരനെയാണ മുന്‍പില്‍ നിര്‍ത്തിയത്. അവസാന ഘട്ടത്തില്‍ പിണറായി വിജയന്‍റെ കാലഘട്ടത്തിലാണ് പൂര്‍ത്തീകരിച്ചത്. വിഴിഞ്ഞം കൊണ്ട് വരുന്നതിലും ഉമ്മന്‍ചാണ്ടിക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ വിഴിഞ്ഞതിനും എതിര്‍പ്പ് നേരിട്ടിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ അദാനി ഗ്രൂപ്പിനെതിരെ ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി ഇതിന് മുന്‍കൈയെടുത്തു. ആ ഒരു കാഴ്‌ചപ്പാടാണ് ഇതിലും സ്വീകരിച്ചിരിക്കുന്നത്. 110 കിലോമീറ്ററില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പോലും ഇവിടത്തെ സംവിധാനങ്ങള്‍ കൊണ്ട് 75 കിലോമീറ്ററിലാണ് സഞ്ചരിക്കുന്നത്.
എന്നാല്‍ അതിവേഗ പാതക്ക് മറ്റൊരു സാങ്കേതികത വിദ്യ തന്നെയാണ് ആവശ്യം. അതിനായി നമുക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒരാളാണ് ഇ ശ്രീധരന്‍. പക്ഷെ അത് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇ ശ്രീധരനെ കാണുന്നതിന് മുന്‍പും ശേഷവും താന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേന്ദ്രത്തിലും സമാനമായ ചര്‍ച്ചകള്‍ നടക്കേണ്ടി വരും. കാരണം അവര്‍ക്കും ഇതില്‍ പങ്കാളിയാകേണ്ടി വരുമെന്നും കെവി തോമസ് പറഞ്ഞു.