കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചാരണം ഇനി നിലനിൽക്കില്ല: കെ സുരേന്ദ്രൻ - PM Modi visit in Kearala
🎬 Watch Now: Feature Video
എറണാകുളം: കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ സന്ദർശനത്തോടെ അപ്രസക്തമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയിലും വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിലുമൊക്കെ ഊന്നി പറഞ്ഞത് കേരളത്തിന്‍റെ വികസനത്തെ കുറിച്ചാണെന്നും ഇടത് വലത് മുന്നണി കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കള്ള പ്രചരണം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്ര സർക്കാർ ഇടപെടൽ കേരളത്തിന്‍റെ വികസന കാര്യത്തിൽ ഉണ്ടാകുമെന്നുള്ള സന്ദേശമാണ് പ്രധാനമന്ത്രി നൽകിയത്. കേരളം വികസനത്തിന്‍റെ കാര്യത്തിൽ കിതക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനാലാണ് അദ്ദേഹത്തിനെതിരെ ഇരു മുന്നണികളും രംഗത്തുവന്നത്. കേരളത്തിൽ കഴിഞ്ഞ ഏഴ് വർഷം പൊതുമേഖല സ്ഥാപനങ്ങളിൽ കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളുമാണ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ആശയ സംവാദത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയെ വെല്ലുവിളിക്കുകയാണ്. ആരോഗ്യ മേഖലയിൽ സ്ഥിരം നിയമനങ്ങൾ നടത്തുന്നില്ല. ആരോഗ്യ വകുപ്പ് നടത്തിയ കരാർ നിയമനങ്ങളെ കുറിച്ച് കണക്ക് പുറത്ത് വിടാൻ സർക്കാർ തയ്യാറുണ്ടോ', കെ സുരേന്ദ്രൻ പറഞ്ഞു.
ഓരോ വർഷവും കേന്ദ്ര സർക്കാർ മെഡിക്കൽ കോളജുകൾക്ക് കോടികളാണ് നൽകുന്നത്. കേരളത്തിൽ തൊഴിൽ രഹിതരായ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ എണ്ണം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. സംസ്ഥാനത്തെ കാമ്പസുകളിൽ യുവം പരിപാടിയുടെ തുടർ പ്രവർത്തനങ്ങൾ നടത്തും. എല്ലാ ജില്ലകളിലും യുവം മാതൃകയിൽ പരിപാടികൾ സംഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം ബിജെപിയുടെ ബഹുജന അടിത്തറ വിപുലപ്പെടുത്തുന്നതിന് ഊർജം പകർന്നു. കേരളത്തിലെ ക്രൈസ്‌തവ മത മേലധ്യക്ഷൻ മാർ പ്രധാനമന്ത്രിക്ക് അനുകൂലമായ ഉറച്ച നിലപാടാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈസ്‌റ്റർ ദിനത്തിൽ നടത്തിയ സന്ദർശനം ഫലം ചെയ്യില്ലെന്ന് ഇരു മുന്നണികളും പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം സ്നേഹ സന്ദർശനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.