Examination fraud cases: 'കേസുകൾ ഒത്തുതീര്‍ക്കാന്‍ ശ്രമം, നേതാക്കളെ സര്‍ക്കാര്‍ രക്ഷപ്പെടുത്തുന്നു'; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

🎬 Watch Now: Feature Video

thumbnail

കോട്ടയം: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പരീക്ഷാതട്ടിപ്പ് കേസുകൾ ഒതുക്കാൻ നീക്കം നടത്തുന്നുവെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. പ്രതികളെ അറസ്‌റ്റ് ചെയാതെ രക്ഷപ്പെടാൻ അവസരം നൽകുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള കേസിലും ഒത്തുതീർപ്പു കളി നടത്തുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജസേനൻ പാർട്ടിയിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

പരീക്ഷ തട്ടിപ്പ് കേസിൽ എസ്‌എഫ്‌ഐ നേതാക്കളെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു. വിദ്യ എവിടെയുണ്ടെന്ന് പൊലിസിന് അറിയാമായിരുന്നു. ഇവരെ അറസ്‌റ്റ് ചെയ്യാതെ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുക്കാനുള്ള അവസരം ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. നിയമവാഴ്‌ചയെ സർക്കാർ അട്ടിമറിക്കുന്നു. കോൺഗ്രസ് നേതാക്കന്മാര്‍ക്കെതിരെയുള്ള കേസിൽ സിപിഎം കോൺഗ്രസ്‌ ധാരണയിലാണ്. വി.ഡി സതീശന്‍റെ കേസിൽ ഒന്നും നടക്കുന്നില്ലെന്നും സുധാകരനെ ചോദ്യം ചെയാൻ വിളിച്ചിട്ടുപോലുമില്ലയെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

സർക്കാരിന്‍റെ കയ്യിൽ എല്ലാ തെളിവുമുണ്ട്. പരസ്‌പരം എല്ലാ കേസും ഒത്തുതീർക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് തുറന്നുകാട്ടാൻ ബിജെപി വ്യാപകമായി പ്രചാരണം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്വർണം പോയ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും കേസിൽ നിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രക്ഷപെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബ്ബർ വില കുറയാൻ കാരണം സംസ്ഥാന സർക്കാരാണ്. പ്രഖ്യാപിച്ച വില സംസ്ഥാനം നൽകിയില്ല. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത വിലക്കയറ്റമാണ് കേരളത്തിലെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ബിജെപി വിട്ട് ആളുകൾ പോകുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജസേനൻ നല്ലൊരു വ്യക്തിയാണ്. വിട്ടുപോയവർ മോശമാണെന്ന് ബിജെപി പറയില്ല. അദ്ദേഹം ബിജെപിയിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.