'മോദിയുടെ കേരള സന്ദർശനം വലിയ വഴിത്തിരിവാകും'; ബിജെപിയുടെ അംഗത്വ കാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് കെ സുരേന്ദ്രൻ

By

Published : Apr 18, 2023, 7:45 PM IST

thumbnail

കോട്ടയം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തെ ബിജെപിക്ക് വലിയ വഴിത്തിരിവായി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി എത്തുന്നതോടെ വലിയ മാറ്റങ്ങൾ തന്നെ കേരളത്തിൽ ഉണ്ടാകും. നിരവധി ആളുകൾ ബിജെപിയിലേക്ക് എത്തും. ബിജെപിയിലേക്ക് ജനങ്ങളെ ചേർക്കുന്ന കാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്‌തമാക്കി.

ബിജെപിയുടെ യുവം എന്ന യൂത്ത് കോണ്‍ക്ലേവിന് യുവജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്. ചെറുപ്പക്കാർ ധാരാളം പേർ പരിപാടിക്കായി രജിസ്റ്റർ ചെയ്‌തുകൊണ്ടിരിക്കുകയാണ്. നിലവിൽ കേരളത്തിൽ ക്രൈസ്‌തവർ ബിജെപിയോടടുക്കുന്ന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യം കൃത്രിമമായി സൃഷ്‌ടിച്ചതല്ലെന്നും സ്വാഭാവികമായി ഉണ്ടായതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

റബർ വിഷയത്തിൽ സംസ്ഥാന സർക്കാർ തട്ടിപ്പ് നടത്തുകയാണ്. റബർ വില ഉയർത്തുമെന്ന് പ്രകടന പത്രികയിൽ ചേർത്തിട്ടുണ്ട്. എന്നാൽ റബർ കർഷകർക്ക് വേണ്ടി സർക്കാർ എന്താണ് ചെയ്‌തത്. റബർ കർഷകരെ പ്രതിനിധീകരിക്കുന്ന ജോസ് കെ മാണി ഇതിന് ഉത്തരം നൽകണം. റബർ വില ഉയർത്താൻ കേന്ദ്ര ഗവണ്‍മെന്‍റ് നടപടികൾ എടുത്ത് തുടങ്ങിയിട്ടുണ്ട്. എന്നാൽ റബർ വില വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ കൂടി പ്രവർത്തിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

കേരളത്തിൽ മിൽമ പാലിന് ഭീകരമായ വിലവർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ആറ് മാസം കൂടുമ്പോൾ പാലിന് വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. ക്ഷീര കർഷകർക്ക് ഇതിന്‍റെ ഗുണം ലഭിക്കുന്നില്ല. കണ്ണിൽ ചോരയില്ലാത്ത കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.