നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാടത്തേക്ക് ഇടിച്ചിറങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - BUS ACCIDENT IN VADAKKENCHERRY
🎬 Watch Now: Feature Video
Published : Sep 12, 2024, 2:08 PM IST
തൃശൂർ: വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ഡിലക്‌സ് ബസ് പാടത്തേക്ക് ഇടിച്ചിറങ്ങി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് (സെപ്‌റ്റംബര്‍ 12) പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. അകമല ഫ്ലൈവെൽ വളവിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് പാടത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മേഖലയിൽ ഇപ്പോൾ അപകടങ്ങൾ തുടർക്കഥയാവുകയാണ്. സെപ്റ്റംബർ 8ന് വടകര ദേശീയപാതയിലും വാഹനാപകടം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മിനി ലോറി സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുന്നില്‍ പോകുകയായിരുന്ന സ്‌കൂട്ടറിനെ ലോറി മറി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ സ്‌കൂട്ടര്‍ യാത്രികര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. മിനി ലോറി ഇടിച്ചതോടെ യാത്രികര്‍ ബസിന് മുന്നിലേക്കാണ് തെറിച്ച് വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വളരെ വേഗത്തില്‍ ബസ് വെട്ടിച്ചതോടെ വലിയ അപകടം ഒഴിവായി. വീഴ്‌ചയില്‍ നിലത്ത് വീണ് പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റി.