UCC | ആരും കാണാത്ത ബില്ലില്‍ ഇത്രയും ആവേശം വേണ്ട, സിപിഎം സെമിനാറിനെ ഗൗരവമായി കാണുന്നില്ല : കെ മുരളീധരന്‍
🎬 Watch Now: Feature Video
കോഴിക്കോട് : ഏക സിവില്‍ കോഡിനെതിരായ (Uniform Civil Code) സിപിഎം (CPM) സെമിനാറിനെ ഗൗരവത്തിൽ കാണുന്നില്ലെന്ന് കെ മുരളീധരൻ എംപി (K Muraleedharan). ആരും കാണാത്ത ഒരു ബില്ലിന്‍റെ പേരിൽ ഇത്ര ആവേശം കാണിക്കേണ്ടതില്ല. ബില്‍ വന്നതിന് ശേഷം ദേശീയ തലത്തിൽ സമരം നടത്തും.
സെമിനാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. ലീഗിനെ അടർത്തിമാറ്റാനാണ് സിപിഎം ശ്രമം. അടുത്ത കാലം വരെ സിവിൽ കോഡിനെ അനുകൂലിച്ചവരാണ് സിപിഎം.
അവർ ക്ഷണിച്ചാലും കോൺഗ്രസ് പോകില്ല, ലീഗ് പോകുമെന്ന ആശങ്കയുമില്ല. ഈ സമരത്തിന് പോയാൽ പൗരത്വ നിയമത്തിനെതിരെ സമരത്തിന് പോയവരുടെ അവസ്ഥ ഉണ്ടാകും. ആ കേസുകൾ ഇതുവരെ പിൻവലിച്ചിട്ടില്ലല്ലോയെന്നും മുരളീധരൻ പറഞ്ഞു. വിഷയത്തില്‍ സമസ്‌തയ്‌ക്ക് സ്വതന്ത്ര നിലപാട് എടുക്കാനുള്ള അവകാശമുണ്ട്.
മണിപ്പൂർ സംഘർഷത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആശങ്കയില്ല. ലണ്ടനിലെ നല്ല കാഴ്‌ചകളൊന്നും പറയാനില്ല. ഒരു വിഭാഗത്തെ അപമാനിക്കുന്ന രീതിയാണ് ലണ്ടനിൽ പോയി വന്നശേഷം എംവി ഗോവിന്ദന്‍റെ പെരുമാറ്റമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.