'കേരളം കേന്ദ്രത്തിന്‍റെ കാര്‍ബണ്‍ പതിപ്പ്' ; സിപിഎമ്മിന്‍റേത് ജനാധിപത്യം തകര്‍ക്കാനുള്ള ശ്രമമെന്ന് കെ മുരളീധരന്‍ - latest news in kerala

🎬 Watch Now: Feature Video

thumbnail

By

Published : Apr 14, 2023, 12:59 PM IST

തിരുവനന്തപുരം : കേന്ദ്രത്തില്‍ ബിജെപി ജനാധിപത്യം കുഴിച്ചുമൂടാന്‍ നോക്കുമ്പോള്‍ കേരളത്തില്‍ സിപിഎമ്മാണ് അതിന് ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവും എംപിയുമായ കെ മുരളീധരൻ. കേരളം കേന്ദ്രത്തിന്‍റെ കാര്‍ബണ്‍ പതിപ്പായി മാറി. നിയമസഭ സ്‌പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം പകർത്തിയ മാധ്യമങ്ങൾക്കുള്‍പ്പടെ നോട്ടിസ് അയച്ച സംഭവത്തിലായിരുന്നു രൂക്ഷവിമര്‍ശനം.

നിയമസഭയിലെ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കും അവരുടെ സ്റ്റാഫുകൾക്കും നോട്ടിസ് അയച്ചു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് എതിരെയുള്ള നടപടിയെന്നും മുരളീധരൻ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനമാണ് അവർ ഭരിക്കുന്ന കേരളത്തിൽ യഥാർഥ രംഗം ചിത്രീകരിച്ചതിന്‍റെ പേരിൽ നോട്ടിസ് അയച്ചിരിക്കുന്നത്. 

രാഷ്ട്രീയമായി എതിരഭിപ്രായമുള്ളവരെ ഇല്ലാതാക്കുക എന്ന സമീപനമാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനെ യുഡിഎഫ് ശക്തമായി നേരിടുക തന്നെ ചെയ്യും. അധികാരം ഉപയോഗിച്ച് എതിർ ശബ്‌ദങ്ങൾ അടിച്ചമർത്താൻ നോക്കിയാൽ അത് കേരളത്തിൽ വകവച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളാണ് കെകെ രമ ഉൾപ്പടെയുള്ളവരെ ആക്രമിച്ചത്. ഒരു എംഎൽഎയെയാണ് ആക്രമിച്ചത്. അതിനെതിരെ കേസ് എടുത്തിട്ടില്ല. ഇത്രയും വൃത്തികെട്ട രീതിയിലുള്ള ഒരു സമീപനം കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെയും ഉണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. 

ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ : കല്യാണം കഴിച്ചവരും കുട്ടികൾ ഉള്ളവരും കെഎസ്‌യുവിൽ പ്രവർത്തിക്കുന്നത് ശരിയല്ലെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ വിമർശനത്തോട് മുരളീധരൻ പ്രതികരിച്ചില്ല. ഉത്തരവാദപ്പെട്ടവർ വേണ്ട സമീപനം സ്വീകരിക്കും. താൻ അഭിപ്രായം പറയുമ്പോൾ അരിക്കൊമ്പനും കുഴിയാനയുമെല്ലാം കയറി വരുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

നിയമസഭ സംഘര്‍ഷത്തിലെ പ്രതികരണം: അതീവ സുരക്ഷാമേഖലയിൽ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് മാധ്യമങ്ങൾക്ക് നോട്ടിസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം നിയമസഭ പാസ് റദ്ദാക്കുമെന്നും നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. 

ഭരണപക്ഷ എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫുകൾ അടക്കം സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇവരെ ഒഴിവാക്കിക്കൊണ്ടാണ് മാധ്യമങ്ങൾക്ക് മാത്രം നിയമസഭ സെക്രട്ടറി നോട്ടിസ് അയച്ചത്. അതേസമയം സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്കും നിയമസഭ സെക്രട്ടേറിയറ്റ് വിശദീകരണ നോട്ടിസ് നല്‍കിയിരുന്നു. 

എംകെ മുനീര്‍, എം.വിന്‍സെന്‍റ്, ടി.സിദ്ദിഖ്, കെകെ രമ, എപി അനില്‍ കുമാര്‍, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരുടെ പിഎമാരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഫോട്ടോഗ്രാഫി നിരോധിത മേഖലയില്‍ നിന്ന് സംഘര്‍ഷത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായി ചീഫ് മാര്‍ഷല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ നിയമസഭ സെക്രട്ടറിക്ക് വിശദീകരണം നല്‍കണമെന്ന് നോട്ടിസില്‍ പറയുന്നു. വിശദീകരണം നല്‍കുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്ന കാരണത്താല്‍ എംഎല്‍എമാര്‍ക്കെതിരെ ചട്ടം അനുശാസിക്കുന്ന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.