'എകെ ബാലൻ വാദിച്ചാൽ സൈക്കിൾ മുട്ടിയ കേസിനും വധശിക്ഷ, സിപിഎം നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയം'; പരിഹസിച്ച് കെ മുരളീധരൻ - ഇടതുപക്ഷം സംരക്ഷിക്കുമെന്ന എകെബാലന്‍റെ പ്രസ്‌താവന
🎬 Watch Now: Feature Video
Published : Nov 6, 2023, 12:14 PM IST
കോഴിക്കോട് : സിപിഎം നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയ പ്രവർത്തനമെന്ന് കെ മുരളീധരൻ (K Muraleedharan Criticized AK Balan Statement). മറ്റ് പാർട്ടികളിൽ നടക്കുന്ന ആഭ്യന്തര ചർച്ചകൾ പോലും തെറ്റായ രീതിയിൽ അവതരിപ്പിക്കുകയാണ് സിപിഎം നേതാക്കൾ. എവിടെയെങ്കിലും ഇളക്കം ഉണ്ടാകുന്നോ എന്ന് നോക്കിനിൽക്കേണ്ട ഗതികേടിലേക്ക് തരംതാഴ്ന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന എകെ ബാലന്‍റെ പ്രസ്‌താവനയോടായിരുന്നു മുരളീധരന്‍റെ പ്രതികരണം. സൈക്കിൾ മുട്ടിയ കേസ് പോലും എകെ ബാലൻ വാദിച്ചാൽ ജഡ്‌ജി വധശിക്ഷ വിധിക്കും. അത് പോലെയാണ് ബാലന്‍റെ പാർട്ടിക്ക് വേണ്ടിയുള്ള ഇടപെടൽ. ആര്യാടൻ ഷൗക്കത്ത് പലസ്‌തീൻ ഐക്യദാർഢ്യം നടത്തിയതിനല്ല നടപടി എടുക്കാൻ നീക്കം നടക്കുന്നത്. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തിൽ നടത്തിയ പരസ്യ പ്രതിഷേധത്തിലാണ് അച്ചടക്ക സമിതി വളിപ്പിച്ചിരിക്കുന്നത്. ഷൗക്കത്തിനു ഓട്ടോയിലും ചെണ്ടയിലും ഒന്നും പോകേണ്ട കാര്യമില്ല. കൈപ്പത്തി മതിയെന്നും മുരളീധരൻ പറഞ്ഞു. പലസ്‌തീൻ വിഷയത്തിൽ സിപിഎം റാലി നടത്തുന്നത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ്. ഭരണ പരാജയം മറച്ചു വയ്‌ക്കാനാണ് സിപിഎം ശ്രമം. പലസ്‌തീൻ വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണം. നിയമസഭ ചേർന്ന് പ്രമേയം പാസാക്കണം. അല്ലാതെ ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാൻ പറ്റില്ലല്ലോ എന്നും മുരളീധരൻ ചോദിച്ചു.