ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ വിയോഗം; നഷ്‌ടമായത് സഹപ്രവർത്തകയായ സഹോദരിയെയെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീൻ
🎬 Watch Now: Feature Video
Published : Nov 23, 2023, 10:53 PM IST
എറണാകുളം: ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ വിയോഗത്തിലുടെ നഷ്‌ടമായത് സഹപ്രവർത്തകയായ സഹോദരിയെയെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീൻ. ജസ്റ്റിസ് ഫാത്തിമാ ബീവിയെ അനുസ്‌മരിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (Justice PK Shamsudeen Remembers Justice Fathima Beevi). അവരുടെ വിയോഗം നീതിന്യായ മേഖലയ്ക്ക് തന്നെ വലിയ നഷ്‌ടമാണ്. അവരുടെ വിധിന്യായങ്ങൾ ഗംഭീരമായിരുന്നു. അവർ എഴുതിയ ഒറ്റ വിധിന്യായം പോലും തെറ്റായി തനിക്ക് തോന്നിയിട്ടില്ല. പല പ്രമുഖരുടെയും വിധിന്യായങ്ങൾ പോലും തെറ്റായി തോന്നിയിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ദുഃഖത്തോടെയാണ് ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ വിയോഗ വാർത്ത താൻ ശ്രവിച്ചതെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീൻ പറഞ്ഞു. താൻ വളരെ അടുപ്പം പുലർത്തിയ വ്യക്തിയായിരുന്നു ഫാത്തിമാ ബീവി. ഹൈക്കോടതിയിൽ സഹപ്രവർത്തകയായിരുന്നു. വളരെ സുപ്രധാനമായ ഒരു കേസിൽ ഫാത്തിമ ബീവിയോടൊപ്പം ഫുൾ ബെഞ്ചിൽ ഉണ്ടായിരുന്നു. സങ്കീർണമായ ഈ കേസിൽ വിധിയെഴുതാൻ അവരെയാണ് ഏൽപ്പിച്ചത്. വളരെ മനോഹരമായ വിധിയാണ് അന്ന് അവർ എഴുതിയത്. ഏപ്പോഴും അവരുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഗവർണറായിരുന്ന വേളയിലും അവർ സംസാരിക്കാറുണ്ടായിരുന്നെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഓർമിച്ചു. തന്‍റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മദ്രാസിൽ ഉള്ളപ്പോൾ ഗവർണറായി ഫാത്തിമാ ബീവി അവിടെ ഉണ്ടായിരുന്നു. അന്ന് തങ്ങൾ രാജ്ഭവനിലായിരുന്നു താമസിച്ചിരുന്നത്. വളരെ പ്രശസ്‌തയെന്ന് മാത്രമല്ല ബന്ധപ്പെട്ട മേഖലകളില്ലാം അവർ കഴിവ് തെളിയിച്ചിരുന്നു. മുൻസിഫ് മജിസ്ട്രേറ്റ് ആയി തുടങ്ങിയ അവർ കഴിവും പ്രാവീണ്യവും കൊണ്ടാണ് സുപ്രീം കോടതി ജഡ്‌ജി വരെ ആയി മാറിയത്. കൊല്ലത്ത് അഭിഭാഷകയായി ജോലി ചെയ്യുന്ന കാലത്ത് തന്നെ അവരെ പരിചയപ്പെട്ടിരുന്നു. മദ്രാസിൽ ഗവർണറായിരിക്കെ വിവാദമുണ്ടായി. ജയലളിതയെ സർക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെതിനെത്തുടർന്ന് കേന്ദ്ര സർക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായി തുടർന്നാണ് സ്ഥാനം രാജിവച്ചത്. റിട്ടയർമെന്‍റിന് ശേഷം സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സുപ്രിം കോടതിയിൽ സങ്കീർണ്ണമായ കേസുകൾ കേൾക്കാൻ അവർക്ക് അവസരം ലഭിച്ചിരുന്നില്ല. അതേസമയം ഹൈക്കോടതിയിൽ പ്രമാദമായ കേസുകളിൽ സുപ്രധാനമായ വിധി പ്രസ്‌താവങ്ങൾ നടത്തിയിരുന്നു. ക്രിമിനൽ നിയമങ്ങളിൽ വലിയ അവഗാഹമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. അനാരോഗ്യം കാരണം അന്തിമോപാചാരം അർപ്പിക്കാർ പോകാൻ കഴിയാത്തതില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.