ബ്രിക്‌സ് ഉച്ചകോടിയിൽ കേരളത്തിനും പറയാനുണ്ട്... യങ്ങ് സയന്‍റിസ്റ്റ് ഫോറത്തിലേക്ക് മലയാളി ശാസ്‌ത്രജ്ഞൻ ജിതിൻ കൃഷ്‌ണൻ - Malayali scientist Jithin Krishnan

🎬 Watch Now: Feature Video

thumbnail

By

Published : Jul 28, 2023, 8:00 PM IST

തിരുവനന്തപുരം : കേരളത്തിന്‍റെ പ്രാഥമിക ആരോഗ്യ സംവിധാനത്തിന്‍റെ മികവ് ലോകത്തിന്‍റെ നെറുകയിൽ എത്തിക്കാനൊരുങ്ങി മലയാളി ശാസ്‌ത്രജ്ഞൻ. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ യുവ ശാസ്ത്രജ്ഞൻ ജിതിൻ കൃഷ്‌ണനാണ് സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള യങ്ങ് സയന്‍റിസ്റ്റ് ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനൊരുങ്ങുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ചികിത്സയും സംബന്ധിച്ചാകും ഫോറത്തിൽ ജിതിൻ കൃഷ്‌ണൻ സംസാരിക്കുക. ശിശു മരണനിരക്കിലെ കുറവ്, താഴെത്തട്ട് മുതലുള്ള ശക്തമായ ചികിത്സ സംവിധാനം എന്നിവ സംബന്ധിച്ച ഇന്ത്യയുടെ മാതൃക ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുതിയ അറിവ് നൽകുമെന്നാണ് ജിതിൻ കൃഷ്‌ണന്‍റെ കണക്കുകൂട്ടൽ. എട്ടാമത്തെ ബ്രിക്‌സ് ഉച്ചകോടിയാണ് ഇത്തവണ നടക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സിന്‍റെ യങ് സയൻസ് ഫോറത്തിൽ 20 അംഗ സംഘമാണ് ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്നത്. ഈ സംഘത്തിലെ ഏക മലയാളിയാണ് ജിതിൻ കൃഷ്‌ണൻ. 'പരസ്‌പരം ത്വരിതപ്പെടുത്തിയ വളർച്ച സുസ്ഥിരവികസനം ഉൾക്കൊള്ളുന്ന ബഹുമുഖ പദ്ധതികൾ എന്നിവയ്ക്കായുള്ള  ബ്രിക്‌സ് ആഫ്രിക്ക പങ്കാളിത്തം' എന്നതാണ് ഇത്തവണത്തെ ഫോറത്തിന്‍റെ പ്രമേയം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉച്ചകോടി നേരിട്ട് നടക്കുന്നത്. കൊവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിലെല്ലാം ഓൺലൈനിലായിരുന്നു യോഗം ചേർന്നത്. കഴിഞ്ഞ രണ്ട് തവണയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ യുവ ശാസ്‌ത്രജ്ഞൻമാർ ഈ ഫോറത്തിൽ പങ്കാളികളായിരുന്നു. തുടർച്ചയായി മൂന്നാം തവണയും ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും മികച്ച നേട്ടമായി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.