സൈക്കിള്‍ ചവിട്ടി കയറിയത് 'ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡി'ലേക്ക്; ഇത് 63 കാരന്‍റെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ് - Karnataka

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 9, 2023, 2:10 PM IST

ബെംഗളൂരു : ജീവിതത്തില്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന പലതും വിവിധ കാര്യങ്ങള്‍ പറഞ്ഞ് പലരും അവഗണിക്കാറുണ്ട്. പ്രായം, കുടുംബം, മക്കള്‍, സാമ്പത്തികം തുടങ്ങി ആഗ്രഹ സഫലീകരണത്തിന് പലതും തടസമാകാറുണ്ട്. എന്നാല്‍ പ്രായമെന്നത് വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നുള്ള 63 കാരനായ ഗുരുമൂര്‍ത്തി മാതരങ്കിമാത്‌. വെറും 100 ദിവസം കൊണ്ട് 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് ഇദ്ദേഹം തന്‍റെ ആഗ്രഹം സഫലമാക്കിയത്. ആഗ്രഹ സഫലീകരണത്തിനൊപ്പം ഇന്ത്യന്‍ ബുക്ക് ഓഫ്‌ റെക്കോര്‍ഡില്‍ മുത്തമിട്ടുവെന്നതും ഈ 63 കാരനെ ഏറെ വ്യത്യസ്‌തനാക്കുന്നുണ്ട്. യുവതലമുറയ്‌ക്ക് മാതൃകയായി മാറിയ മാതരങ്കിമാതിന് നാടാകെ അഭിനന്ദന പ്രവാഹമാണിപ്പോള്‍. ഇക്കഴിഞ്ഞ മെയ്‌ 11നാണ് ഹൂബ്ലിയില്‍ നിന്നും മാതരങ്കിമാത് തന്‍റെ യാത്ര ആരംഭിച്ചത്. ഇന്ത്യയിലെ വിവിധയിടങ്ങളിലൂടെയായി യാത്ര നടത്തിയ ഇദ്ദേഹം 100 ദിവസം പൂര്‍ത്തീകരിക്കുമ്പോള്‍ 5000 കിലോമീറ്ററാണ് താണ്ടിയത്. ഇങ്ങനെയാണ് പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മാതരങ്കിമാത് തന്‍റെ റെക്കോര്‍ഡില്‍ മുത്തമിട്ടത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് പുറമെ 2020-21, 2021-22 വർഷങ്ങളിൽ ഹൂബ്ലി ബൈസിക്കിൾ ക്ലബിൽ നിന്ന് നിരവധി അവാർഡുകളും നേടാന്‍ മാതരങ്കിമാതിനായിട്ടുണ്ട്. നിലവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചെറുപ്പം മുതല്‍ കായിക ഇനങ്ങളില്‍ ഏറെ തത്‌പരനായിരുന്നു. കാലിലുണ്ടായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പ്രയാസമുണ്ടായതോടെയാണ് സൈക്ലിങ്ങിലേക്ക് തിരിഞ്ഞത്. ഇത് പിന്നീടൊരു ലഹരിയായി. ആരോഗ്യത്തിന് സൈക്ലിങ് ഏറെ ഗുണകരമാണെന്നും മാത്രമല്ല മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് സൈക്കിള്‍ ഏറെ പരിസ്ഥിതി സൗഹാര്‍ദമാണെന്നുമാണ് മാതരങ്കിമാത് പറയുന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.