Independence Day| 'രാജ്യത്തിന്‍റെ മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കണം': സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി എംബി രാജേഷ് - രാജ്യത്തിന്‍റെ ആധാരശിലകള്‍
🎬 Watch Now: Feature Video
കാസർകോട്: മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. അറുന്നൂറോളം നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഒരു ഭൂപ്രദേശത്തെയും അനേകം ജാതികളും മതങ്ങളിലുമായി വിഭജിച്ചു നിന്ന ജനവിഭാഗങ്ങളെയും കോര്‍ത്തിണക്കി വിവിധങ്ങളായ പൂക്കള്‍ ചേര്‍ത്ത് കോര്‍ത്തൊരു മാല പോലെ ഇന്ത്യയെന്ന ആധുനിക രാഷ്ട്രത്തെ നിര്‍മിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരമാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിന്‍റെ ആധാരശിലകള്‍ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറല്‍ ഘടനയുമാണ്. അതിന്‍റെ ഉറച്ച അടിത്തറയിലാണ് ഇന്ത്യ 76 വര്‍ഷവും അതിജീവിച്ചത്. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ ചില രാജ്യങ്ങള്‍ മതനിരപേക്ഷയും ജനാധിപത്യവും കയ്യൊഴിഞ്ഞ ചില രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കാനാകാതെ ഭിന്നിച്ചുപോയതും കണ്ടതാണ്. ഈ സ്വാതന്ത്ര്യദിനത്തില്‍ മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കും എന്ന് ആവര്‍ത്തിച്ച് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിന സന്ദേശ വേളയില്‍ മന്ത്രി എം.ബി.രാജേഷ് കയ്യൂര്‍ സമരസേനാനികള്‍, കെ.കേളപ്പന്‍റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്തവരടക്കം രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരസേനാനികളെ സ്‌മരിച്ചു. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന നീതി, സമത്വം, സാഹോദര്യവും സ്വാതന്ത്ര്യസമരത്തില്‍ നിന്നും നമുക്ക് ലഭിച്ചതാണ്. അത് സംരക്ഷിക്കാന്‍ നമുക്ക് സാധിക്കണം. നാം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ക്ക് നേരെ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നത് ജാഗ്രതയോടെ നമുക്ക് ചെറുക്കാന്‍ കഴിയണമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്‍റെ വൈവിധ്യത്തെ ചേര്‍ത്ത് പിടിക്കേണ്ടത് പൗരന്‍മാരുടെ കടമയാണ്. നാനാത്വത്തെ അംഗീകരിക്കുമ്പോഴാണ് ഒരുമയോടെ മുന്നോട്ട് പോകാന്‍ കഴിയുക എന്നതാണ് ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും നമ്മെ പഠിപ്പിക്കുന്നത്. അടിസ്ഥാന ആശയങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നത് ഇന്നത്തെ രാജ്യസ്‌നേഹപരമായ കടമയാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സ്വാതന്ത്ര്യത്തിന്‍റെ നേട്ടങ്ങള്‍ പൂര്‍ണമായും എത്താത്ത പ്രദേശങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്ക് കൂടി സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണമാവുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.