അയല്‍ സ്‌ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചു; കേസെടുത്തതോടെ യുവാവ് ഒളിവില്‍
🎬 Watch Now: Feature Video
കോഴിക്കോട്: അയല്‍വാസികളായ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. തിക്കോടി തെക്കേ കൊല്ലൻകണ്ടി ശങ്കരനിലയത്തിൽ വിഷ്‌ണു സത്യന് എതിരെയാണ് പരാതി. പയ്യോളി പൊലീസ് കേസ് എടുത്തതോടെ 27 കാരനായ വിഷ്‌ണു ഒളിവിൽ പോയി. വീടിന്‍റെ പരിസരത്തുള്ള സ്ത്രീകളുടെ ഫോട്ടോയാണ് വിഷ്‌ണു ദുരുപയോഗം ചെയ്‌തത്.
വീട്ടിലെ വേഷത്തിലും ജോലിയിൽ ഏർപ്പെട്ട സമയത്തുമുള്ള ചിത്രങ്ങളാണ് യുവാവ് ഉപയോഗിച്ചിരിക്കുന്നത്. മോർഫ് ചെയ്‌ത ഫോട്ടോകൾ വാട്‌സ്‌ആപ്പ് ചാറ്റ് വഴി അയച്ചു കൊടുക്കുകയും ലൈംഗിക ചുവയുള്ള കമന്‍റ് അയക്കുകയും ചെയ്‌തതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി ഉപയോഗിച്ച ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരാതിക്കാരുടെ മൊഴി പയ്യോളി സിഐ കെ സി സുഭാഷ് ബാബു നേരിട്ടെത്തി രേഖപ്പെടുത്തി.
പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോൺ വീട്ടിൽ ഉപേക്ഷിച്ച് ഒളിവില്‍ പോയ പ്രതി പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നേരത്തെ മുംബൈയിലെ ഒരു കമ്പനിയിൽ ജോലി ചെയ്‌തിരുന്ന വിഷ്‌ണു ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. സ്‌ത്രീകള്‍ക്ക് നേരെയുള്ള വിഷ്‌ണുവിന്‍റെ പ്രവൃത്തിയിൽ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്.