Idukki Rain | ഇടുക്കിയിൽ കാലവർഷമെത്തി; ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേട്ടിൽ

By

Published : Jun 12, 2023, 11:25 AM IST

thumbnail

ഇടുക്കി : ജില്ലയില്‍ കാലവര്‍ഷമെത്തി മൂന്ന് ദിവസം പിന്നിട്ടപ്പോൾ ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിൽ. 30 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. തൊടുപുഴ താലൂക്കിൽ 16.6 മില്ലീമീറ്റർ മഴയും ഇടുക്കിയിൽ 11.8 മില്ലീമീറ്റർ ദേവികുളത്ത് 7.3 മില്ലിമീറ്റർ മഴയും ലഭിച്ചു. 

ഏറ്റവും കുറവ് മഴ ലഭിച്ചത് ഉടുമ്പൻചോലയിലാണ്. 6.1 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഇടുക്കി ജില്ലയില്‍ ഇതുവരെ ശരാശരി 10.32 മില്ലിമീറ്റര്‍ മഴയാണ് ആകെ ലഭിച്ചത്. തൊടുപുഴ ഇടുക്കി ദേവികുളം താലൂക്കുകളിൽ കാലവർഷം ശക്തി ആർജ്ജിച്ചു വരികയാണ്. 

തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ച് മേഖലയിലാണ് കനത്ത മഴ പെയ്‌തത്. ജൂൺ നാലിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. എന്നാല്‍, ചെറിയ തോതില്‍ മഴ ലഭിച്ചെങ്കിലും നാല് ദിവസം വൈകിയാണ് കാലവര്‍ഷം എത്തിയത്. 

വ്യാഴാഴ്‌ച മുതല്‍ മഴ ശക്തിയാര്‍ജിച്ച് തുടങ്ങി. സെപ്റ്റംബര്‍ വരെ കാലവര്‍ഷത്തിന്‍റെ ഭാഗമായുള്ള മഴ ലഭിക്കുമെന്നാണ് കരുതുന്നത്. മുൻ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ. മലങ്കര അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. 

ജില്ലയിൽ കാലവർഷം പതിയെ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടം ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തോട്ടം മേഖലയിലും മലയോര പ്രദേശങ്ങളിലുമാണ് ജാഗ്രത നിർദേശം. അതേസമയം, കാലവർഷം എത്തിയതോടെ ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. 

ജാഗ്രത നിർദേശം : ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മരം വീണും വൈദ്യുതി കമ്പികള്‍ പൊട്ടിവീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തോട്ടം മേഖലകളിലും മറ്റും ജോലിയെടുക്കുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മഴ ശക്തിപ്പെട്ടതോടെ കെടുതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാര്‍ ഗവിയില്‍ മരം വീണ് കെഎഫ്‌ഡിസി എസ്റ്റേറ്റില്‍ വനിത തൊഴിലാളി മരിച്ചു. പല സ്ഥലങ്ങളിലും മരം വീണ് ഗതാഗതവും തടസപ്പെട്ടു.

മുട്ടം എൻജിനിയറിംഗ് കോളജിന് സമീപം തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ മരം വീണ് ഏറെ നേരം ഗതാതതം തടസപ്പെട്ടു. മഴ ശക്തമായതോടെ നദികളില്‍ നീരൊഴുക്കും കൂടി. അണക്കെട്ടുകളില്‍ ജലനിരപ്പിലും നേരിയ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.