തോട്ടത്തിൽ അതിക്രമിച്ചു കയറി; പരാതി നൽകിയ തോട്ടം ഉടമയേയും ബിജെപി പ്രാദേശിക നേതാവിനെയും സിപിഎം നേതാക്കൾ മർദിച്ചതായി പരാതി - ഏലത്തോട്ടം ഉടമയെ സിപിഎം നേതാക്കൾ മർദിച്ചു

🎬 Watch Now: Feature Video

thumbnail

By

Published : Jul 1, 2023, 6:08 PM IST

ഇടുക്കി : പൂപ്പാറയിൽ ഏലത്തോട്ടം ഉടമയെ സിപിഎം നേതാക്കൾ മർദിച്ചതായി പരാതി. കോരമ്പാറയിലെ ഏലത്തോട്ടം ഉടമയായ വാസകന്‍, ബിജെപി ശാന്തന്‍പാറ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.കെ.മോഹനന്‍ എന്നിവർക്കാണ് മർദനമേറ്റത്. അനധികൃതമായി ഏലത്തോട്ടത്തില്‍ പ്രവേശിച്ച് ഏലക്ക എടുത്തവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസിന് നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ പോയ‍ ഇവരെ ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്‍റും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്‍റും രണ്ട് സിപിഎം നേതാക്കളും ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി.

മർദനമേറ്റ ഇരുവരും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഏഴ് വര്‍ഷം മുന്‍പ് പൂപ്പാറയിലെ വ്യാപാരിയുടെ പക്കല്‍ നിന്ന് തന്‍റെ പിതാവ് ഗണപതി പലിശക്ക് പണം വാങ്ങിയെന്ന് വാസകന്‍ പറയുന്നു. പണം തിരിച്ച് നല്‍കിയെങ്കിലും കൂടുതല്‍ പലിശ ഈടാക്കാനായി തങ്ങളുടെ ഏലത്തോട്ടം പാട്ടത്തിനെടുത്തതായി രേഖയുണ്ടാക്കിയ വ്യാപാരി ഇതില്‍ നിന്നുള്ള വരുമാനം എടുത്ത് കൊണ്ടിരുന്നു. 

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ വ്യാപാരി തോട്ടത്തില്‍ പ്രവേശിപ്പിക്കുന്നത് വിലക്കി കൊണ്ടുള്ള കോടതി വിധിയുണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും തോട്ടത്തില്‍ അതിക്രമിച്ച് കയറി ഇവര്‍ വിളവെടുപ്പ് നടത്തി. ഇതിനെതിരെ തോട്ടം ഉടമ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മൊഴി നല്‍കാനായാണ് ഇന്നലെ സ്റ്റേഷനിലേക്ക് പോയത്. 

എന്നാൽ സ്റ്റേഷന്‍റെ 50 മീറ്റര്‍ അകലെ വച്ച് ലിജു വര്‍ഗീസ്, എന്‍.ആര്‍.ജയന്‍, വി.വി.ഷാജി, ലാലു പൂപ്പാറ എന്നിവര്‍ ചേര്‍ന്ന് കെ.കെ.മോഹനനും വാസകനും സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ഇരുവരെയും മര്‍ദിച്ചു എന്നാണ് പരാതി. മോഹനന്‍റെ തലയില്‍ ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റതായും വാസകനെ ക്രൂരമായി മര്‍ദിച്ചതായും ബിജെപി നേതാക്കള്‍ ആരോപിച്ചു. മർദിച്ചവർക്ക് എതിരെ നിയമ നടപടി സ്വികരിക്കണമെന്നും അല്ലാത്ത പക്ഷം ശക്‌തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു.

എന്നാല്‍ ഇവരുടെ പരാതി അടിസ്ഥാന രഹിതമാണെന്നും സ്റ്റേഷന് സമീപം വച്ച് വാസകന്‍, മോഹനന്‍ എന്നിവരെ കണ്ട് സംസാരിച്ചെങ്കിലും വാക്കു തര്‍ക്കം പോലും ഉണ്ടായിട്ടില്ലെന്നും ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വര്‍ഗീസ് പറഞ്ഞു. വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.