Idukki congress hartal| ഇടുക്കിയിൽ കോൺഗ്രസ് ആഹ്വാനം ചെയ്‌ത ഹർത്താൽ ഭാഗികം - ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ്

🎬 Watch Now: Feature Video

thumbnail

By

Published : Aug 18, 2023, 4:53 PM IST

ഇടുക്കി: ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്‌ത ഹർത്താൽ ഭാഗികം. വിവിധയിടങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടയുകയും കട്ടപ്പനയിലും പൂപ്പാറയിലും നേരിയ സംഘർഷം ഉണ്ടാവുകയും ചെയ്‌തു. ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നുണ്ട്. കൂടാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുകയും കെഎസ്ആർടിസി സർവീസ് നടത്തുകയും ചെയ്‌തു.

ഭൂമി നിയമ ഭേദഗതി വേഗത്തിൽ നടപ്പിലാക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, അമിക്യസ്‌ക്യൂരി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് ഇടുക്കി ജില്ല കലക്‌ടർ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമാണ നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ ജില്ലയില്‍ ഹർത്താൽ നടത്തുന്നത്. 

വിവിധ ഇടങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിട്ടുണ്ട്. കട്ടപ്പനയിൽ ഹർത്താൽ അനുകൂലികൾ കടകളടപ്പിക്കാൻ ശ്രമിച്ചതും പൂപ്പാറക്കടുത്ത് ബിഎൽ റാമിൽ വാഹനം തടഞ്ഞതും നേരിയ സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് ജില്ലയിലെ എൽപി, യുപി, എച്ച്എസ്‌ ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയിരുന്നു. മാറ്റിവച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിർദേശം. 

അതേസമയം മൂന്നാർ മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അൽപസമയം തടഞ്ഞിട്ടതിനു ശേഷം വിട്ടയച്ചു. എന്നാൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിട്ടില്ല. പക്ഷെ കെഎസ്ആർടിസി സർവീസ് നടത്തിയിട്ടുണ്ട്. തൊടുപുഴ മേഖലയെ ഹർത്താൽ കാര്യമായി ബാധിച്ചിരുന്നില്ലെന്നും തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്ന് ഇടുക്കിയിലെ തോട്ടം മേഖലയിലേക്ക് തൊഴിലാളി വാഹനങ്ങൾ എത്താത്തത് തോട്ടമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ് എം പി ജോസ് പറഞ്ഞു. ജില്ലയിൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. ഹർത്താലിൽ നിന്നും പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. 

also read: ഭൂപ്രശ്‌നത്തിന് പരിഹാരമായ ഭേദഗതി തയ്യാറാക്കുന്നതിന്‍റെ ഭാഗമായതിൽ അഭിമാനം : മന്ത്രി റോഷി അഗസ്റ്റിൻ

കരട് ബില്ലിന് അംഗീകാരം: ഭൂപ്രശ്‌നത്തിന് പരിഹാര ഭേദഗതി തയ്യാറാക്കുന്നതിൽ അഭിമാനമുണ്ടെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. ഇടുക്കിയിൽ ഭൂപതിവ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ രൂക്ഷമായപ്പോഴാണ് ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. 1964 ലെയും 1993ലെയും ഭൂപതിവ് ചട്ട ഭേദഗതി ചെയ്യുന്നതിനായി 2019ൽ നടത്തിയ പ്രഖ്യാപനം നാല് വർഷം കഴിഞ്ഞിട്ടും നടപടിയാകാത്തതിനാൽ സമരം ശക്തമാക്കാനുളള തീരുമാനത്തിലായിരുന്നു പ്രതിപക്ഷവും വിവിധ കർഷക സംഘടനകളും.

എന്നാൽ ഓഗസ്‌റ്റ്‌ ഏഴിന് ചേർന്ന മന്ത്രിസഭയിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ഈ നിയമസഭ സമ്മേളനത്തിൽ തന്നെ ബിൽ സഭയിൽ കൊണ്ടുവരും. ജില്ലയിലെ കർഷകരുടെ ആശങ്കകൾ ശാശ്വതമായി അകറ്റാൻ സാധിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും ഭൂപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുളള എൽഡിഎഫ്‌ സർക്കാർ കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്തമാക്കി.

ജനുവരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ ഉടൻ ഭൂപതിവ് ഭേദഗതി ബിൽ കൊണ്ടുവരാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഓഗസ്‌റ്റിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ ജൂണ്‍ മാസം ഇടുക്കിയിൽ നടന്ന അദാലത്തിൽ ഉറപ്പ് നൽകിയിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.