IAF Emergency Exercise| പൂർവാഞ്ചൽ എക്‌സ്പ്രസ് വേ എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം
🎬 Watch Now: Feature Video
സുൽത്താൻപൂർ (ഉത്തർ പ്രദേശ്): പൂർവാഞ്ചൽ എക്‌സ്പ്രസ് വേ എയർസ്ട്രിപ്പിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തി ഇന്ത്യൻ വ്യോമസേന. വ്യോമസേനയുടെ യുദ്ധ വിമാനങ്ങളും, യാത്രാവിമാനങ്ങളും, 10 ജെറ്റുകളുമാണ് അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തത്. മിറാഷ് യുദ്ധവിമാനം, ജാഗ്വാർ ജെറ്റ്, അന്‍റോനോവ് എഎൻ32 എന്നീ വിമാനങ്ങൾ അഭ്യാസത്തിന്‍റെ ഭാഗമായി.
അടിയന്തര ഘട്ടങ്ങളിൽ ലാൻഡ് ചെയ്യുന്നതിനായി എയർസ്‌ട്രിപ്പിന്‍റെ ഗുണനിലവാരവും ശക്‌തിയും പരിശോധിക്കുന്നതിനായി ഐഎഎഫ് നടത്തുന്ന പരിശീലന പരിപാടിയാണിതെന്ന് സുൽത്താൻപൂർ ജില്ല മജിസ്‌ട്രേറ്റ് ജസ്‌ജീത് കൗർ പറഞ്ഞു. ഇതിലൂടെ എമർജൻസി ജെറ്റുകൾക്ക് എളുപ്പത്തിൽ ലാൻഡ് ചെയ്യാനും എയർസ്ട്രിപ്പിലേക്ക് പോകാനും കഴിയും. ജസ്‌ജീത് കൗർ വ്യക്‌തമാക്കി.
മുതിർന്ന ഐഎഎഫ് ഉദ്യോഗസ്ഥരുടെയും ഗ്രൗണ്ട് സ്റ്റാഫിന്‍റെയും സാന്നിധ്യത്തിലായിരുന്നു അഭ്യാസ പ്രകടനം നടത്തിയത്. സുഖോയ് യുദ്ധ വിമാനവും ഇന്നത്തെ അഭ്യാസത്തിന്‍റെ ഭാഗമായിരുന്നു എന്നും എന്നാൽ ബരേലിയിലെ മോശം കാലാവസ്ഥ കാരണം ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
ഇന്നത്തെ പ്രകടനം നടത്തുന്നതിനായി ജൂൺ 11 മുതൽ സുൽത്താൻപൂരിനടുത്തുള്ള പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയുടെ അഞ്ച് കിലോമീറ്റർ പ്രദേശം അറ്റകുറ്റപ്പണികൾ നടത്തി വരികയായിരുന്നു. 2021 നവംബർ 16-ന് ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ വ്യോമസേന തങ്ങളുടെ ആദ്യ അഭ്യാസം നടത്തിയിരുന്നു.