House Collapsed In Alaknanda River Banks : അളകനന്ദ നദിയിലേക്ക് വീട് തകർന്നുവീണു, ബദ്രിനാഥ് മാസ്‌റ്റർ പ്ലാൻ കരാർ കമ്പനിയുടെ അനാസ്ഥയെന്ന് നാട്ടുകാർ - വീട് തകർന്നു
🎬 Watch Now: Feature Video
Published : Sep 20, 2023, 10:57 PM IST
ചമോലി : ഉത്തരാഖണ്ഡിൽ അളകനന്ദ നദിയിലേയ്‌ക്ക് വീട് തകർന്നുവീണു (House Collapsed in Alaknanda River Banks). ബദ്രിനാഥ് ധാമിലാണ് സംഭവം. ബദ്രിനാഥ് മാസ്റ്റർ പ്ലാനിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കരാർ കമ്പനിയുടെ തകരാറാണ് വീട് തകർന്നുവീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ബദ്രിനാഥ് മാസ്റ്റർ പ്ലാനിന്‍റെ (Badrinath Master Plan) ഭാഗമായി അളകനന്ദ നദിയുടെ തീരത്ത് സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ അതോടൊപ്പം വീടുകൾ സംരക്ഷിക്കുന്നതിനുള്ള സുരക്ഷ മതിൽ പണിയാതിരുന്നതാണ് നാശനഷ്‌ടത്തിന് കാരണമായത്. അളകനന്ദ നദീതീരത്ത് നിർമ്മിച്ച നിരവധി വീടുകളും ധർമ്മശാലകളും ഇപ്പോഴും അപകടാവസ്ഥയിലാണെന്നും തകർന്ന് വീണ വീടിന്‍റെ ഉടമ ആരോപിച്ചു. അടുത്തിടെ കരാർ കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ധാമിൽ വ്യാപാര ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ബദ്രിനാഥ് ധാമിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ ശേഷനേത്ര, ബദ്രീഷ് തടാകങ്ങൾ സൗന്ദര്യവൽക്കരിക്കുക. അളകനന്ദ നദിക്കരയിൽ വികസനം, വൺവേ ലൂപ്പ് റോഡ് നിർമാണം, ആശുപത്രി വിപുലീകരണം, മൾട്ടി പർപ്പസ് വിസിറ്റർ ബിൽഡിംഗിന്‍റെ നിർമാണം എന്നിവയാണ് ഉൾപ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ ബദ്രിനാഥിലെ പ്രധാന ക്ഷേത്രങ്ങൾക്ക് ചുറ്റുമായി വികസനവും മൂന്നാം ഘട്ടത്തിൽ തടാകം മുതൽ ക്ഷേത്രം വരെയുള്ള പാതയിലെ പ്രവർത്തനങ്ങളുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വച്ചിട്ടുള്ളത്.