Heavy Rain in Trivandrum | കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം ; വിവിധയിടങ്ങളിൽ വെള്ളക്കെട്ടുകൾ, ജനജീവിതം ദുരിതത്തിൽ
🎬 Watch Now: Feature Video
Published : Oct 15, 2023, 2:27 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ തിരുവനന്തപുരം ജില്ലയിലെ നഗരപ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ വെള്ളം കയറി (Heavy rain in Trivandrum). ഇന്നലെ രാത്രി നിർത്താതെ പെയ്‌ത മഴയാണ് വെള്ളക്കെട്ടിന് കാരണമായത്. തിരുവനന്തപുരം കണ്ണമ്മൂല, പുത്തൻപാലം, നെല്ലിക്കുഴി, ഗൗരീശപട്ടണം, കല്ലിയൂർ വില്ലേജ്, പൂങ്കുളം സ്‌കൂൾ എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. പലരും വീടിന്‍റെ രണ്ടാം നിലയിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറിയിരിക്കുകയാണ്. ഇടയ്ക്ക് വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിൽ രൂക്ഷമാകുന്നത് ആദ്യമായി ആണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡുകളിലെ വെള്ളക്കെട്ട് ഗതാഗത തടസത്തിനും കാരണമായി. അതേസമയം മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് ഒഴിഞ്ഞ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, ടെക്നോപാർക്ക് തുടങ്ങിയ ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. വീടുകളിൽ കുടുങ്ങിക്കിടക്കുന്ന രോഗികളെയും വൃദ്ധരെയും സുരക്ഷാസേനയെത്തി മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അധികൃതര്‍ ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നുണ്ട്. കുന്നുകുഴി സ്‌കൂൾ , കൗൺസിലർ ഓഫിസ്, പിഎസ്‌സി കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ഇന്നുമുതൽ പതിനെട്ടാം തീയതി വരെ യെല്ലോ അലർട്ടാണ്.