Rain | 'മഴയില്‍ വലഞ്ഞ്... സ്‌കൂൾ, കോളജ്, ഓഫീസ്, സമരം... ഇതൊക്കെ ശീലമായെന്ന് വഴിയോരക്കച്ചവടക്കാർ'
🎬 Watch Now: Feature Video
തിരുവനന്തപുരം : മഴയില്‍ വലഞ്ഞ് പൊതുജനം. കാലവര്‍ഷം ശക്തിപ്പെട്ടതോടെ രാവിലെ ജോലിക്കെത്തേണ്ടവരും സ്‌കൂളുകളിലും കോളജുകളിലും എത്തേണ്ട വിദ്യാര്‍ഥികളും വൈകിയെന്ന പരാതി പങ്കുവെയ്ക്കുന്നു. മഴ കാര്യമാക്കുന്നില്ലെന്നും ഇടക്കിടെയുണ്ടാവുന്ന മഴ ഇപ്പോള്‍ ശീലമായെന്നുമാണ് വഴിയോര കച്ചവടക്കാര്‍ പറയുന്നത്.
ഓഫിസിലേക്ക് പോകാനിറങ്ങിയ ചിലര്‍ സമയം താമസിച്ചതിനാല്‍ അവധിയെടുത്ത് തിരികെ വീടുകളിലേക്ക് മടങ്ങുന്നതായും പറയുന്നു. മഴ തങ്ങളുടെ സമരത്തെ കാര്യമായി ബാധിച്ചതായി മലയാളം അധ്യാപക തസ്‌തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്‍റെ കാലാവധി തീരുന്നതിനെതിരെ സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളും വ്യക്തമാക്കി.
പല ജില്ലകളില്‍ നിന്നായി ഷെഡ് കെട്ടി സമരം ചെയ്യാനെത്തിയ ഉദ്യോഗാര്‍ഥികളോട് മഴയായതിനാല്‍ ഷെഡ് കെട്ടാന്‍ അനുവദിക്കില്ലെന്ന് പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. ജനങ്ങള്‍ തങ്ങളുടെ സമരം ശ്രദ്ധിക്കാനായി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കുട പിടിച്ച് നിന്ന് സമരം തുടരുകയാണ് ഉദ്യോഗാര്‍ഥികള്‍. അടുത്ത ആഴ്‌ചയാണ് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി തീരുന്നത്.
തലസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. രാവിലെ മുതല്‍ മഴ ശക്തിപ്പെടുകയും ചെയ്‌തിരുന്നു. കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.