Kerala Rain| കോട്ടയത്ത് കനത്ത മഴ : രണ്ടിടത്ത് വീട് ഇടിഞ്ഞുവീണു, ആളപായമില്ല - കോട്ടയത്ത് കനത്ത മഴ
🎬 Watch Now: Feature Video
കോട്ടയം : കനത്ത മഴയെ തുടർന്ന് കോട്ടയത്ത് രണ്ടിടങ്ങളിൽ വീട് ഇടിഞ്ഞുവീണു. പൂഞ്ഞാര്‍ തെക്കേക്കരയിലും വെച്ചൂർ ഇടയാഴത്തുമാണ് വീട് തകർന്നുവീണത്.
പൂഞ്ഞാര്‍ തെക്കേക്കരയില്‍ വീട് തകർന്നുവീണു : സംരക്ഷണ ഭിത്തി തകര്‍ന്നതോടെ വീടിന്‍റെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ഓടെയായിരുന്നു സംഭവം. പെരിങ്ങുളത്ത് പാറയില്‍ ജോസഫ് എന്നറിയപ്പെടുന്ന കുമാരസ്വാമിയുടെ വീടാണ് തകര്‍ന്നു വീണത്.
പെരിങ്ങുളം റോഡില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം ആറ്റുതീരത്തോട് ചേര്‍ന്ന വീടായിരുന്നു ഇത്. മീനച്ചിലാറ്റിലേക്കാണ് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് വീണത്. ജോസഫും ഭാര്യയും ശബ്‌ദം കേട്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
വീട്ടുപകരണങ്ങളും നഷ്‌ടമായി. പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് അത്യാലില്‍, സെക്രട്ടറി സിജി, വില്ലേജ് ഓഫിസര്‍ ഇന്‍ ചാര്‍ജ്, വാര്‍ഡ് മെമ്പര്‍ റോജി തോമസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
വെച്ചൂർ ഇടയാഴത്തും വീട് ഇടിഞ്ഞുവീണു : കനത്ത മഴയെ തുടർന്ന് വെച്ചൂർ ഇടയാഴത്ത് വീട് ഇടിഞ്ഞുവീണു. ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് ഇന്നലെ രാത്രിയോടെ ഇടിഞ്ഞുവീണത്. ആളപായമില്ല.