Heavy Rain And Landslide in Kottayam : കോട്ടയത്ത് ഉരുൾപൊട്ടൽ ; റോഡ് തകർന്നു, ജലാശയങ്ങളില്‍ നിരപ്പുയര്‍ന്നു - road collapsed at Kottayam
🎬 Watch Now: Feature Video
Published : Sep 21, 2023, 9:13 PM IST
കോട്ടയം/ഇടുക്കി : കോട്ടയത്തിന്‍റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു (Heavy Rain And Landslide in Kottayam). തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടലുണ്ടായി (Kottayam Landslide). തീക്കോയി പഞ്ചായത്തിന്‍റെ പരിധിയിൽ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ. 30 മീറ്റർ നീളത്തിൽ റോഡ് പൂർണമായി തകർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുനസ്ഥാപിച്ചു. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളായ തീക്കോയി, അടുക്കം, മംഗളഗിരി, വെള്ളികുളം എന്നിവിടങ്ങളില്‍ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. തോടുകളിലും ആറുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഒരു റബ്ബർ മിഷൻ പുര ഒഴുകിപ്പോയി. മേഖലയില്‍ വ്യാപക കൃഷി നാശം സംഭവിച്ചതായുമാണ് വിവരം. ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ല കലക്‌ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്‌ടർ അഭ്യര്‍ഥിച്ചു. ജില്ലയുടെ മറ്റ് താലൂക്കുകളായ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം എന്നിവിടങ്ങളില്‍ നേരിയ തോതിൽ മഴ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.