Harshina Against Government on Compensation: 'സർക്കാർ ഒപ്പമാണെന്ന് പറഞ്ഞാൽ പോരാ, നീതി ലഭിക്കണം'; ഹർഷിന
Published : Sep 13, 2023, 7:38 PM IST
തിരുവനന്തപുരം: സർക്കാർ ഒപ്പമാണെന്ന് പറഞ്ഞാൽ പോരെന്നും നീതി ലഭിക്കണമെന്നും ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുരുങ്ങിയ സംഭവത്തിലെ ഇര കെ.കെ ഹർഷിന (Harshina). അർഹമായ നഷ്‌ടപരിഹാരം (Compensation) ലഭിച്ചാൽ മാത്രമേ നീതി ലഭിച്ചുവെന്ന് പറയാൻ കഴിയൂ. അതുകൊണ്ടുതന്നെ നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഹർഷിന വ്യക്തമാക്കി. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബുധനാഴ്‌ച (13.09.2023) സെക്രട്ടേറിയറ്റിൽ മുന്നിൽ ഏകദിന സത്യഗ്രഹം (Protest) നടത്തുകയാണ് ഹർഷിന. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (VD Satheesan) പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. ശത്രുക്കൾക്ക് പോലും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ദുരന്തമാണ് ഹർഷിനയ്ക്ക് സംഭവിച്ചത്. 50 ലക്ഷത്തിലധികം നഷ്‌ടപരിഹാരം കൊടുക്കേണ്ട ദുരന്തം. സമര പന്തലിലിരിക്കുന്നത് ഗതികേട് കൊണ്ടാണെന്നും ഇത് സർക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നഷ്‌ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവാദികളാണെന്നും സതീശൻ പറഞ്ഞു. സർക്കാർ ഹർഷിനയ്‌ക്ക് ഒപ്പമാണെന്ന് ബുധനാഴ്‌ച നിയമസഭയിലും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. എന്നാൽ നഷ്‌ടപരിഹാരം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതേസമയം കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിലാണ് ഹര്‍ഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോക്‌ടറെയും രണ്ട് ആരോഗ്യ പ്രവർത്തകരെയും പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ഇവരെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.