ഇന്ത്യന്‍ നേവിയുടെ കപ്പല്‍ വേധ മിസൈലിന്‍റെ പരീക്ഷണം വിജയം - ഇന്ത്യയുടെ കപ്പല്‍ വേധ മിസൈല്‍
🎬 Watch Now: Feature Video
Published : Nov 21, 2023, 7:51 PM IST
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ നാവിക കപ്പൽ വേധ മിസൈലിന്‍റെ ഗൈഡഡ് ഫ്ലൈറ്റ് ട്രയൽ വിജയകരമായി നടത്തി (Guided Flight Trials Of Indias First Indigenously Developed Anti Ship Missile). നാവിക സേന, ഡിആർഡിഒയുമായി ചേർന്ന് വികസിപ്പിച്ച മിസൈലാണിത്. നാവിക സേനയുടെ ഹെലികോപ്‌ടറിൽ നിന്നാണ് മിസൈല്‍ തൊടുത്തത്. സീക്കിംഗ് 42 ബി ഹെലികോപ്‌ടറിൽ (Seaking 42B Helicopter) നിന്ന് മിസൈലിന്‍റെ ഗൈഡഡ് ഫ്ലൈറ്റ് ട്രയൽ ചൊവ്വാഴ്‌ച നടത്തിയതായി നാവിക സേനാ അധികൃതർ അറിയിച്ചു. സീക്കർ, ഗൈഡൻസ് ടെക്നോളജികൾ ഉൾപ്പെടെയുള്ള മിസൈൽ, സാങ്കേതികവിദ്യയിൽ സ്വാശ്രയത്വം നേടുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പാണെന്നും നാവിക സേന തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലുടെ വ്യക്തമാക്കി. പരീക്ഷണത്തിന്‍റെ വീഡിയോയും നാവിക സേന പുറത്തുവിട്ടു. 2022 മേയ് മാസത്തിലാണ് മിസൈൽ ആദ്യമായി പരീക്ഷിച്ചത്. കന്നി പരീക്ഷണത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവന പ്രകാരം, ഹെലികോപ്‌ടറിനായി തദ്ദേശീയമായി വികസിപ്പിച്ച ലോഞ്ചർ ഉൾപ്പെടെ നിരവധി പുത്തന്‍ സാങ്കേതിക വിദ്യകൾ മിസൈൽ ഉപയോഗപ്പെടുത്തുന്നു. മിസൈലിന്‍റെ ഗൈഡൻസ് സംവിധാനത്തിൽ അത്യാധുനിക നാവിഗേഷൻ സംവിധാനവും സംയോജിത ഏവിയോണിക്‌സും ഉൾപ്പെടുത്തിയിട്ടുണ്ട്.