നിർമാണത്തിനിടെ മൺതിട്ട ഇടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം - ഈരാറ്റുപേട്ട
🎬 Watch Now: Feature Video
കോട്ടയം: ഈരാറ്റുപേട്ട സ്വകാര്യ ഫാക്‌ടറിയിൽ നിർമാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശിയായ രത്തൻ (38) ആണ് മരിച്ചത്. ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിക്കുന്ന അജ്‌മി ഫുഡ്‌സിലാണ് അപകടമുണ്ടായത്. വലിയ മൺതിട്ടയുടെ അടിയിൽ കോൺക്രീറ്റ് ചെയ്യവെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അഗ്നിശമന സേനയും സന്നദ്ധ പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.
അടുത്തിടെ എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്‌ടറിയിലെ മാലിന്യ തീക്കൂനയിൽ വീണ് അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്‌ടങ്ങൾ ലഭിച്ചിരുന്നു. കൊൽക്കത്ത സ്വദേശി നസീർ ശൈഖിന്‍റെ (23) കാൽപാദത്തിന്‍റെ ഭാഗങ്ങൾ ഉൾപ്പടെയാണ് ലഭിച്ചത്. അഗ്നിരക്ഷ സേനയുടെ ഒരു ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ ലഭിച്ചത്. പെരുമ്പാവൂർ ഓടയ്‌ക്കാലിയിലുള്ള യൂണിവേഴ്‌സൽ പ്ലൈവുഡ് കമ്പനിയിലെ കൂട്ടിയിട്ട പ്ലൈവുഡ് മാലിന്യത്തിൽ തീപടരുന്നത് തടയാൻ താത്‌കാലിക സെക്യൂരിറ്റി ജീവനക്കാരനായ നസീർ പൈപ്പ് ഉപയോഗിച്ച് വെള്ളം തളിക്കുകയായിരുന്നു.
ഇതിനിടെ തീപിടിച്ച മാലിന്യ കൂനയിലേക്ക് ഇയാള്‍ വീഴുകയായിരുന്നു. ഇതിനിടെ ഇയാൾ നിന്നിരുന്ന ഭാഗം കത്തിയതിനെ തുടർന്ന് താഴ്‌ന്ന് പോവുകയും മാലിന്യ കുഴിയിൽ അകപ്പെടുകയുമായിരുന്നു. മാത്രമല്ല മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് കത്തിയമർന്ന മാലിന്യം നീക്കം ചെയ്‌ത് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും നസീറിനെ കണ്ടെത്താനായിരുന്നില്ല.