വിഷുവിന് പൊന്‍കണിയേകാന്‍ പൂത്തൊരുങ്ങി കണിക്കൊന്ന ; മഞ്ഞ വസന്തം - കൊന്നപ്പൂവ്

🎬 Watch Now: Feature Video

thumbnail

By

Published : Apr 14, 2023, 10:31 AM IST

ഇടുക്കി: വിഷുപ്പുലരിയില്‍ പൊന്‍കണിയേകാന്‍ പൂത്തൊരുങ്ങി നിൽക്കുകയാണ് നാടെങ്ങും കണിക്കൊന്ന. ഫലമൂലാദികൾക്കൊപ്പം മഞ്ഞയിൽ അഴക് വിരിയിക്കുന്ന കൊന്നപ്പൂവ് കൂടി ഉൾപ്പെടുമ്പോഴാണ് മലയാളികളുടെ വിഷുക്കണി പൂർണമാവുക. കണ്ണിൽ നിന്ന് മാഞ്ഞുപോകാനാകാത്ത പൊൻകിനാക്കൾ പോലെയാണ് പൂത്തുനിൽക്കുന്ന സംസ്ഥാന പുഷ്‌പം.

പൂങ്കുലകൾ നിറഞ്ഞ പൂമരമായി മാറിയാണ് കണിക്കൊന്ന വേനലിനെ വരവേൽക്കുക. മീനമാസത്തിലെ കടുത്ത വേനലിനെ അതിജീവിക്കാൻ കണിക്കൊന്നയിലുണ്ടാകുന്ന രാസമാറ്റങ്ങളാണ് ഇതിനുപിന്നിൽ. ഇലകളിലെ സുഷിരങ്ങൾ വഴിയുള്ള ജലനഷ്‌ടം കുറയ്ക്കാൻ ഇലകളെ പരമാവധി കൊഴിച്ചും പകരം പുഷ്‌പിച്ചുമാണ് കാണിക്കൊന്ന വേനലിനെ സൗമ്യമായി നേരിടുക.  

തണൽമരം അല്ലെങ്കില്‍ അലങ്കാര വൃക്ഷം എന്നതിലുപരി ഔഷധഗുണം ഏറെയുള്ള ചെറുവൃക്ഷമാണ് കണിക്കൊന്ന. ത്വക് രോഗങ്ങളുടെ ശമനത്തിന് ഉപയോഗിക്കുന്ന ഔഷധങ്ങളുടെ ഗണത്തിലാണ് ആയുർവേദം കണിക്കൊന്നയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കേരളീയരുടെ സ്വകാര്യ അഹങ്കാരമായ കണിക്കൊന്നയുടെ അപരന്മാരും വേനൽച്ചൂടിൽ മഞ്ഞവസന്തം വാരിവിതറി നിൽക്കുകയാണ്.  

വഴിയോരത്തും കലാലയങ്ങളിലും നഗരങ്ങളിലുമെല്ലാം നയനമനോഹര കാഴ്‌ചയൊരുക്കുന്ന കൊന്നയ്‌ക്കൊപ്പം കൊളോണിയൽ കാലത്ത് കനേഡിയൻ കൊന്നയും നട്ടുപിടിപ്പിച്ചിരുന്നു. കണിക്കൊന്നയോട് ഏറെ സാമ്യമുള്ള കനേഡിയൻ കൊന്നയ്ക്ക് നിത്യ വസന്തമായി പൂക്കാൻ കഴിയുമെന്നതാണ് കേരളത്തിലെ ഉദ്യാനങ്ങളിൽ ഈ വിദേശിക്ക് സ്ഥാനം നൽകിയത്. വിഷു അടുക്കുന്നതോടെ അപരന്മാർ കാഴ്‌ചക്കാർ മാത്രമാകും. കണിക്കൊന്നയുടെ ആവശ്യക്കാരുടെ എണ്ണത്തിലാകും വർധനവുണ്ടാവുക.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.