ചിന്നക്കനാലിൽ തട്ടുകട നടത്തുന്ന കുടുംബത്തിന് നേരെ ഗുണ്ട ആക്രമണം നടന്നതായി പരാതി; പെൺകുട്ടികളെ ഉൾപ്പടെ ഏഴംഗ സംഘം ആക്രമിച്ചു

🎬 Watch Now: Feature Video

thumbnail

ഇടുക്കി: ചിന്നക്കനാലിൽ തട്ടുകട നടത്തുന്ന കുടുംബത്തിന് നേരെ ഗുണ്ട ആക്രമണം നടന്നതായി പരാതി. പെൺകുട്ടികളെ ഉൾപ്പടെ കുടുംബാംഗങ്ങളെ മുഴുവൻ ഏഴംഗ സംഘം ആക്രമിച്ചു. കട അടിച്ചു തകർക്കുകയും വിലപ്പെട്ട വസ്‌തുക്കൾ അപഹരിക്കുകയും ചെയ്‌തു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതായും ആരോപണം.

ചിന്നക്കനാൽ പവർ ഹൗസിൽ തട്ടുകട നടത്തുന്ന നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ, തട്ടുകടയുടെ നവീകരണ ജോലികൾ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. രാത്രി പത്തരയോടെ കടയിൽ എത്തിയ സംഘം വെൽഡിങ് ജോലികൾ ചെയ്യുകയായിരുന്ന തൊഴിലാളികളെ മർദിക്കുകയായിരുന്നു. ഇത് കണ്ട് ബഹളം വച്ച നൗഷാദിനെയും കുടുംബത്തെയും കടയിൽ കയറി ആക്രമിച്ചു.

അംഗപരിമിതയായ നൗഷാദിന്‍റെ ഭാര്യയേയും പെൺകുട്ടികളെയും ഉപദ്രവിച്ചു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന് നേരെയും ആക്രമണം നടത്തി. നൗഷാദ് വിവരം അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്‌റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മകളോട് അപമര്യാദയായി പെരുമാറിയതായും കുടുംബം ആരോപിക്കുന്നു.

സമീപ മേഖലയിൽ വ്യാപാരം നടത്തുന്ന വ്യക്തി, പ്രാദേശിക രാഷ്‌ട്രീയക്കാരുടെ അറിവോടെ ഇവരെ ഉപദ്രവിക്കുന്നതായാണ് പരാതി. മുൻപും കുടുംബത്തിന് നേരെ ആക്രമണം നടന്നിട്ടുണ്ട്. പരിക്കേറ്റ നൗഷാദും കുടുംബവും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കുടുംബത്തിന്‍റെ പരാതിയിൽ ശാന്തൻപാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : May 19, 2023, 2:02 PM IST

For All Latest Updates

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.