ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം : പ്രതികളായ 2 വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ - sarun saji
🎬 Watch Now: Feature Video
ഇടുക്കി : ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവായ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതികളായ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഒന്നാം പ്രതി അനിൽ കുമാർ ഉപ്പുതറ പൊലീസിൽ കീഴടങ്ങി. രണ്ടാം പ്രതി ലെനിനെ ഇന്നലെ അന്വേഷണ സംഘം തിരുവനന്തപുരത്തു നിന്നും പിടികൂടിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ്.
പീരുമേട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തിരുവനന്തപുത്ത് നിന്ന് രണ്ടാം പ്രതി ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി സി ലെനിനെ പിടികൂടിയത്. ഇതിന് പിന്നാലെ ഒന്നാം പ്രതി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അനിൽ കുമാർ ഇന്ന് ഉപ്പുതറ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും പീരുമേട് ഡി വൈ എസ് പി ജെ കുര്യാക്കോസ് പറഞ്ഞു.
അതേസമയം വൈകിയെങ്കിലും നീതി ലഭിച്ചെന്നും അതിൽ സന്തോഷം ഉണ്ടെന്നും കള്ളക്കേസിന് ഇരയായ സരുൺ സജി പറഞ്ഞു. 2020 സെപ്‌റ്റംബർ 20നാണ് ഇടുക്കി കണ്ണംപടി ആദിവാസി കുടിയിലെ സരുൺ സജിയെ കിഴുക്കാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കള്ളക്കേസിൽ കുടുക്കി അഴിക്കുള്ളിലാക്കിയത്. റിമാൻ്റിൽ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ സരുൺ പിന്നീട് ഇവർക്കെതിരേ നിയമ പോരാട്ടം നടത്തി.
തുടർന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും എസ് സി എസ് ടി കമ്മിഷൻ്റെ ഇടപെടലിൽ പൊലീസ് കേസ് എടുക്കുകയുമായിരുന്നു. ആകെ 11 പ്രതികളുള്ള കേസിൽ ജാമ്യം തള്ളിയവർ ഒഴികെയുള്ള പ്രതികൾ 15 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനും കോടതി നിർദേശമുണ്ട്.