കോട മഞ്ഞിൽ മുങ്ങി ഇടുക്കി എന്ന മിടുക്കി; വിസ്‌മയക്കാഴ്‌ചകളൊരുക്കി കാന്തലൂർ - ഇടുക്കി ടൂറിസം
🎬 Watch Now: Feature Video
Published : Jan 14, 2024, 8:05 PM IST
ഇടുക്കി: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയിൽ ഇത്തവണ കോടമഞ്ഞിന്‍റെ സാന്നിധ്യം കൂടുതലാണ്. മലനിരകളെ തഴുകിയെത്തുന്ന കോടമഞ്ഞ് സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്‌ച തന്നെ. കാലം തെറ്റി ഇടയ്ക്കിടെ പെയ്‌ത പെരുമഴ ഇത്തവണ ഇടുക്കിയ്‌ക്ക് സമ്മാനിച്ചത് ജനുവരിയിലും മഞ്ഞിൻ കാഴ്‌ചകളാണ്. മൂന്നാർ പിന്നിട്ട് മറയൂരിലേക്കുള്ള യാത്രയിൽ കോടമഞ്ഞിന്‍റെ തണുപ്പിൽ മടിപിടിച്ചുറങ്ങുന്ന തേയിലച്ചെരുവുകളുടെ കാഴ്‌ചകൾ കാണാം. തേയില ചെരുവകളെ തഴുകി മൂടുന്ന കോടമഞ്ഞിന്‍റെ കാഴ്‌ച സഞ്ചാരികൾക്കേറെ പ്രിയങ്കരം തന്നെ. മറയൂർ കഴിഞ്ഞ് കാന്തലൂർ എത്തിയാൽ കാഴ്‌ചകൾ പിന്നെയും മാറും. പകൽ സമയത്തും കടുത്ത മൂടൽ മഞ്ഞ് തന്നെയാകും. പിന്നീടുള്ള യാത്രയിൽ ദൂര കാഴ്‌ചകൾ മറച്ച് കോടമഞ്ഞ് കാന്തലൂരിന്‍റെ കാർഷിക പെരുമയ്‌ക്ക് മേൽ നിലയുറപ്പിച്ചിരിയ്ക്കും. വിനോദ സഞ്ചാരികളെ ആകർഷിയ്‌ക്കുന്നതിൽ കാന്തലൂർ മുൻപന്തിയിൽ തന്നെ. കാന്തലൂരും മുന്നാറും മാത്രമല്ല, രാമക്കൽ മേട്ടിലും ചതുരംഗപാറയിലുമെല്ലാം കോട മഞ്ഞ് വിസ്‌മയം തീർക്കുന്നുണ്ട്. മഴയുള്ള ദിവസങ്ങളിൽ രാത്രി യാത്ര പോലും ദുഷ്‌കരമാകുന്ന വിധമാണ് തമിഴ്‌നാട് അതിർത്തി മേഖലയിലെ കോടമഞ്ഞിന്‍റെ സാന്നിധ്യം.