ഇരുവഴിഞ്ഞി പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശവുമായി പൊലീസും പഞ്ചായത്തും
🎬 Watch Now: Feature Video
Published : Jan 9, 2024, 6:13 PM IST
|Updated : Jan 9, 2024, 9:43 PM IST
കോഴിക്കോട്: കിഴക്കൻ മലയോര മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ ഇരുവഴിഞ്ഞി പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഇരുവഴിഞ്ഞി പുഴ (Iruvazhinji Puzha) ഉൽഭവിക്കുന്ന വെള്ളരിമലക്കുതാഴെ തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴ, മറിപ്പുഴ, ആനക്കാംപൊയിൽ ഭാഗത്താണ് ശക്തമായ മഴവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. നിരവധി ടൂറിസ്റ്റ് കളടക്കം എത്തുന്ന ടൂറിസം കേന്ദ്രം കൂടിയാണ് ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ ഭാഗങ്ങൾ. ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപാച്ചിൽ രൂപപ്പെട്ടതോടെ പൊലീസും പഞ്ചായത്തും പുഴയുടെ താഴെ ഭാഗത്ത് ഉള്ളവർക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. കൂടാതെ കൂടരഞ്ഞി കുളിരാമുട്ടി പുഴയിലും മലവെള്ളപാച്ചിൽ രൂപപ്പെട്ടു. കുളിരാമുട്ടിയെയും കൂടരഞ്ഞിയെയും ബന്ധിപ്പിക്കുന്ന പാലത്തിലും വെള്ളം കയറിയിട്ടുണ്ട്. ഗതാഗതവും തടസപ്പെട്ടു. ട്രാൻസ്ഫോർമർ വെള്ളത്തിൽ മുങ്ങി വൈദ്യുതിയും മുടങ്ങി. സംസ്ഥാനത്ത് ജനുവരി 12 വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജനുവരി 10 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.