തൊടുപുഴയില്‍ മയക്കുമരുന്ന് വേട്ട ; എല്‍എല്‍ബി വിദ്യാര്‍ഥികളടക്കം 5 പേര്‍ അറസ്റ്റില്‍ - തൊടുപുഴ എക്‌സൈസ്
🎬 Watch Now: Feature Video
ഇടുക്കി: തൊടുപുഴയില്‍ മയക്കുമരുന്നുകളുമായി മൂന്ന് എല്‍എല്‍ബി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. എംഡിഎംഎ, കഞ്ചാവ് എന്നിവയുമായാണ് ഇവര്‍ പിടിയിലായത്. തൊടുപുഴ സ്വദേശികളായ അൻസിഫ് അൻസാർ, ഷംനാസ് ഷാജി എന്നിവരെ എംഡിഎംഎയുമായി പിടികൂടി. രാജകുമാരി സ്വദേശി നിക്‌സണ്‍ ജോസഫ്, ആലപ്പുഴ സ്വദേശികളായ യദു ശശിധരൻ, ശ്രീറാം മഹീന്ദ്രൻ എന്നീ എല്‍എല്‍ബി വിദ്യാര്‍ഥികളെ കഞ്ചാവുമായും അറസ്റ്റുചെയ്‌തു.
നഗരത്തില്‍ വ്യാപകമായി ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസിന്‍റെ സ്ട്രൈക്കിങ് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. 72 മില്ലിഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പ്രതികള്‍ സഞ്ചരിച്ച കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയും സംഘം പിടിച്ചെടുത്തു. എംഡിഎംഎ കടത്താന്‍ ശ്രമിച്ച പ്രതികളിലൊരാളായ ഷംനാസ് ഷാജി ഏതാനും മാസം മുമ്പ് പൊലീസ് ഉദ്യോഗസ്ഥനൊപ്പം മയക്ക് മരുന്ന് വില്‍പനയ്‌ക്കിടെ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ആഴ്‌ചകള്‍ പിന്നിട്ടപ്പോഴാണ് വീണ്ടും അറസ്റ്റിലാകുന്നത്.
മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നത് സംബന്ധിച്ച് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൊടുപുഴയിലെ സ്വകാര്യ ഹോസ്റ്റലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് എല്‍എല്‍ബി വിദ്യാര്‍ഥികള്‍ പിടിയിലായത്. പൊലീസ് നായയായ ബ്രൂസിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവിന്‍റെ മയക്ക് മരുന്നിന്‍റെയും ഗന്ധം തിരിച്ചറിയാന്‍ പ്രത്യേക കഴിവുള്ള പൊലീസ് നായയാണ് ബ്രൂസ്. പാഴ്‌സല്‍ വഴി മയക്ക് മരുന്ന് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊറിയര്‍ സെന്‍ററുകളിലും പൊലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് വിഭാഗം അറിയിച്ചു.