രാവിലെ ലഘുഭക്ഷണവും ഫ്രൂട്ടിയും; ഉച്ചയ്‌ക്ക് വെജ് ബിരിയാണി വിത്ത് കേസരി; വിഭവ സമൃദ്ധമായി വന്ദേ ഭാരത് ആദ്യ സര്‍വീസ് - Vande Bharath express news updates
🎬 Watch Now: Feature Video
തിരുവനന്തപുരം: വിഭവ സമൃദ്ധ ഭക്ഷണമൊരുക്കി സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് യാത്ര. രാവിലെ 11.30ന് സര്‍വീസ് ആരംഭിച്ചപ്പോള്‍ തന്നെ ലഘുഭക്ഷണവും വെള്ളവും നല്‍കിയാണ് അധികൃതര്‍ യാത്രക്കാരെ സ്വീകരിച്ചത്. മുറുക്കും ചിപ്‌സും, മധുര പലഹാരങ്ങള്‍, ഫ്രൂട്ടി എന്നിങ്ങനെയാണ് രാവിലെ യാത്രക്കാര്‍ക്ക് നല്‍കിയത്. ലഘുഭക്ഷണത്തിന് പുറമെ ഉച്ചയ്‌ക്ക് നല്‍കിയതാകട്ടെ കേസരിയും തൈര് സാലഡും അച്ചാറും അടക്കമുള്ള വെജിറ്റബിള്‍ ബിരിയാണി.
പ്രത്യേകം പാക്ക് ചെയ്‌ത കണ്ടെയ്‌നറിലാണ് യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌തത്. സംസ്ഥാനത്തെ ആദ്യ സര്‍വീസ് ആയതുകൊണ്ട് തന്നെ മുഴുവന്‍ യാത്രകാര്‍ക്കും അധികൃതര്‍ ഭക്ഷണം വിളമ്പി. വരും ദിവസങ്ങളില്‍ യാത്രയ്‌ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഏത് ഭക്ഷണമാണ് വേണ്ടതെന്ന് വ്യക്തമാക്കാം. ഇതിന്‍റെ അടിസ്ഥാനത്തിലാകും യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുക.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്‌തത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെയും തിരിച്ചുമാണ് ആദ്യ സര്‍വീസ്. കേരളത്തിലെ 11 ജില്ലകളിലൂടെ കടന്ന് പോകുന്ന വന്ദേ ഭാരതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒന്‍പത് സ്റ്റോപ്പുകളാണ് ഉള്ളത്. വ്യാഴാഴ്‌ച ഒഴികെ ബാക്കിയുള്ള ദിവസങ്ങളിലെല്ലാം വന്ദേ ഭാരത് സര്‍വീസ് ലഭ്യമാകും.