സ്ലാബ് തകർന്ന് അമ്മൂമ്മയും രണ്ടുവയസുകാരിയും സെപ്റ്റിക് ടാങ്കില്‍ വീണു ; 25 അടി താഴ്‌ചയില്‍ നിന്ന് രക്ഷിച്ച് ഫയർ ആന്‍റ് റസ്‌ക്യൂ സംഘം - സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ്
🎬 Watch Now: Feature Video
തൃശൂർ : ഒല്ലൂരിൽ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകർന്ന് വയോധികയും രണ്ട് വയസുള്ള കുഞ്ഞും 25 അടി താഴ്‌ചയിലേക്ക് വീണു. വിവരമറിഞ്ഞ് തൃശ്ശൂരില്‍ നിന്നെത്തിയ ഫയർ ആന്‍റ് റസ്‌ക്യൂ സംഘം ഇരുവരെയും സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്‌ച പകല്‍ 10.15 ഓടെയായിരുന്നു സംഭവം.
ഒല്ലൂര്‍ സ്വദേശിനിയായ 62 വയസുള്ള റീമ, ഇവരുടെ പേരക്കുട്ടിയായ രണ്ട് വയസുള്ള സിയ എന്നിവരാണ് സെപ്റ്റിക് ടാങ്കിൽ വീണത്. വീടിന് പുറകിലെ 25 അടിയോളം താഴ്‌ചയുള്ള സെപ്റ്റിക് ടാങ്കിലാണ് ഇരുവരും വീണത്. വിവരമറിഞ്ഞ ഉടൻ തന്നെ എമർജൻസി റെസ്ക്യൂ വാഹനത്തിൽ അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ സുരേഷ്‌കുമാർ, സീനിയർ ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫിസർ ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജിമോദ്, ദിനേശ് കൃഷ്‌ണ, നവനീത് കണ്ണൻ, സജിൻ, അനിൽകുമാർ, ഹോം ഗാർഡ് ഷിബു എന്നിവരടങ്ങിയ സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു.
ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തുമ്പോൾ അമ്മൂമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണ് കിടക്കുകയായിരുന്നു. ഉടൻ തന്നെ സേനാംഗങ്ങളായ ദിനേശ്, നവനീത് കണ്ണൻ എന്നിവർ 30 അടിയോളം വരുന്ന കോണിയിറക്കി അതിലൂടെ സെപ്റ്റിക് ടാങ്കിലിറങ്ങി അമ്മൂമ്മയെയും കുഞ്ഞിനെയും വലിയ പരിക്കുകളില്ലാതെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനായി ഇരുവരെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.