അർബുദമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുൻ സഹപാഠികളിൽ നിന്ന് 15 ലക്ഷം രൂപ തട്ടി ; തൊടുപുഴ സ്വദേശി പിടിയിൽ
🎬 Watch Now: Feature Video
ഇടുക്കി : അര്‍ബുദ രോഗിയാണെന്ന് കള്ളം പറഞ്ഞ് മുന്‍ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ആൾ അറസ്റ്റിൽ. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി സി ബിജുവാണ് പിടിയിലായത്. വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചും ശബ്‌ദം മാറ്റുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബന്ധുക്കളാണെന്ന് പറഞ്ഞും തന്ത്രപരമായാണ് ഇയാള്‍ പലരിൽ നിന്നായി പണം തട്ടിയത്.
പാലായിലെ ഒരു കോളജില്‍ മുന്‍പ് പഠിച്ചിരുന്ന ബിജു അക്കാലത്തെ സഹപാഠികളുള്‍പ്പെട്ട വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നു. തുടർന്ന് താൻ അര്‍ബുദ ബാധിതനാണെന്ന് പറഞ്ഞ് ബിജു ഗ്രൂപ്പില്‍ മെസേജ് അയച്ചു. തുടർന്ന് ബിജുവിന്‍റെ അമ്മാവനാണെന്ന് പറഞ്ഞ് ശബ്‌ദം മാറ്റുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇയാള്‍ തന്നെ ഗ്രൂപ്പ് അംഗങ്ങളെ വിളിച്ചു. ബിജു സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. രോഗ വിവരം വിശ്വസിച്ച് ഗ്രൂപ്പ് അംഗങ്ങൾ ചികിത്സയ്ക്കായി 10,50,000 രൂപ പിരിച്ച് നല്‍കി.
പിന്നീട്, സഹോദരി എന്ന് പറഞ്ഞ് സ്ത്രീ ശബ്‌ദത്തില്‍ ബിജു അധ്യാപകരെയും വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. അധ്യാപകരും പണം പിരിച്ചുനല്‍കി. 15 ലക്ഷം രൂപയോളം ബിജു ഇങ്ങനെ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്.
തമിഴ്‌നാട്ടിലെ ഒരു ആശുപത്രിയുടെ പേരിലുള്ള ചികിത്സ രേഖകളും ഇയാള്‍ വ്യാജമായി ചമച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. ഇതിനിടെ സഹപാഠികള്‍ അമ്മാവന്‍റേതെന്ന് പറഞ്ഞുവിളിച്ച നമ്പരിലേക്ക് തിരിച്ച് വിളിച്ചു. എന്നാൽ 'ഇനി അവനില്ല' എന്ന ഉത്തരമാണ് ലഭിച്ചത്. പക്ഷേ, തൊടുപുഴയില്‍വച്ച് ഒരാള്‍ ബിജുവിനെ കണ്ടു.
ബിജു പുതിയ കാര്‍ വാങ്ങിയെന്നും മനസിലായി. അപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം ഗ്രൂപ്പ് അംഗങ്ങള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പിനിരയായ അന്‍പത് പേര്‍ ഒപ്പിട്ട് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ബിജുവിനെതിരെ പരാതി നല്‍കുകകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്‌പി എം ആര്‍ മധുബാബുവിന്‍റെ നേതൃത്വത്തിൽ ബിജുവിനെ അറസ്റ്റ് ചെയ്‌തു.