ബസില്‍ നിന്നും ഇറക്കിവിട്ട കേസില്‍ 4 വര്‍ഷത്തിനുശേഷം വിധി; 25,000 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവ് - കേരള സംസ്ഥാന ഉപഭോക്‌തൃ കൗൺസിൽ
🎬 Watch Now: Feature Video
കണ്ണൂർ: യാത്രക്കാരോടുള്ള ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം പലപ്പോഴും വാര്‍ത്തയാവാറുണ്ട്. ഇങ്ങനെയൊരു സംഭവത്തിൽ, കോടതി കയറി നഷ്‌ടപരിഹാരം നേടിയെടുത്ത ഒരാളുണ്ട് കണ്ണൂരിൽ. കേരള സംസ്ഥാന ഉപഭോക്‌തൃ കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡന്‍റും ആർട്ടിസ്റ്റുമായ ശശികലയാണ് കക്ഷി. വഴിയിൽ ഇറക്കിവിട്ടുവെന്ന ശശികലയുടെ പരാതിയില്‍ വിധി വന്നിരിക്കുകയാണ് ഇപ്പോള്‍. ബസ് കണ്ടക്‌ടറും ഉടമസ്ഥനും ചേർന്ന് പരാതിക്കാരന് 25,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് ഉപഭോക്‌തൃ കോടതിയുടെ വിധി.
2018 ഓഗസ്റ്റ് 15നാണ് പരാതിക്ക് ആസ്‌പദമായ സംഭവം. കണ്ണൂരിൽ നിന്ന് കല്ല്യാശേരിയിലേക്ക് പോകാനായി ബസിൽ കയറിയ ശശികലയെ കണ്ടക്‌ടറും ക്ലീനറും ചേർന്ന് നിർബന്ധിച്ച് പുതിയ തെരുവിൽ ഇറക്കിവിട്ടെന്നാണ് പരാതി. കല്ല്യാശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാനാണ് ശശികല ബസിൽ കയറിയത്. ടിക്കറ്റെടുക്കാൻ 20 രൂപ നീട്ടി സ്ഥലം പറഞ്ഞപ്പോൾ പ്രകോപിതനായ കണ്ടക്‌ടര്‍ അവിടെ നിർത്തില്ലെന്ന് പറഞ്ഞ് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കണ്ടക്‌ടറും ക്ലീനറും പുതിയതെരു ബസ് സ്റ്റോപ്പിൽ നിർബന്ധിച്ചിറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നു.
25,000 രൂപ ഒരു മാസത്തിനുള്ളിൽ നല്‍കണം: ആർടിഒ അംഗീകരിച്ച അംഗീകൃത സ്റ്റോപ്പാണ് കല്ല്യാശേരി എന്നതിനാൽ ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട് ആർട്ടിസ്റ്റ് ശശികല കണ്ണൂർ ട്രാഫിക് പൊലീസ്, കണ്ണൂർ ആർടിഒ എന്നിവർക്ക് രേഖാമൂലം പരാതിനൽകി. ഇതേതുടർന്ന് ട്രാഫിക് എസ്‌ഐ 500 രൂപ പിഴ ഈടാക്കുകയും ചെയ്‌തു. തുടർന്ന്, ശശികല ബസ് കണ്ടക്‌ടര്‍, ഉടമസ്ഥൻ ട്രാഫിക് എസ്‌ഐ, ആർടിഒ എന്നിവർക്കെതിരെ കണ്ണൂർ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയില്‍ കൂടുതൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്‌തു. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് സര്‍വീസ് നടത്തുന്ന മാധവി മോട്ടോർസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.
കെഎല്‍ 58 എസ് 8778 ശ്രീ മൂകാംബിക ലിമിറ്റഡ് സ്റ്റോപ്പ് ബസ്, കണ്ടക്‌ടർ പാപ്പിനിശേരി എൻ രാജേഷ്, ഉടമ എൻ ശിവൻ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവർ 25,000 രൂപ ഒരു മാസത്തിനുള്ളിൽ പരാതിക്കാരന് നഷ്‌ടപരിഹാരം നൽകാനാണ് ഉത്തരവ്. വീഴ്‌ച വരുത്തിയാൽ ഒന്‍പത് ശതമാനം പലിശയും കൂടി നൽകണം. കമ്മിഷൻ പ്രസിഡന്‍റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി, മാത്യു കെപി സജീഷ് എന്നിവരുടെ ഫോറമാണ് രണ്ടര വർഷത്തിനുശേഷം ഉത്തരവ് പുറപ്പെടുവിച്ചത്. തന്‍റെ വിജയം മറ്റ് യാത്രക്കാർക്കുകൂടി വേണ്ടിയുള്ളതാണെന്ന സന്തോഷത്തിലാണ് ശശികല.