Father Tried To Kill Son And Family മകനെയും കുടുംബത്തെയും തീ കൊളുത്തി കൊല്ലാൻ ശ്രമം, പിന്നാലെ പിതാവിന്‍റെ ആത്മഹത്യ ശ്രമം
🎬 Watch Now: Feature Video
Published : Sep 14, 2023, 11:17 AM IST
തൃശൂർ: മകനെയും കുടുംബത്തെയും പിതാവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതക ശ്രമം. തൃശൂർ ചിറക്കോട് ഇന്ന് പുലർച്ചെ (14.09.23) രണ്ടു മണിയോടെയാണ് സംഭവം (Father Tried To Kill Son And Family). പെട്രോൾ ഒഴിച്ചാണ് ജോൺസൺ മകനായ ജോജിയെയും ഭാര്യ ലിജിയെയും കൊല്ലാൻ ശ്രമിച്ചത്. ജോജിയുടെ 12 വയസുകാരനായ മകനും ആക്രമണത്തിൽ പൊള്ളലേറ്റിട്ടുണ്ട്. കുടുംബം ഉറങ്ങിക്കിടക്കുന്ന സമയത്ത് ജോൺസൺ പെട്രോൾ ഒഴിച്ച് തീ വയ്‌ക്കുകയായിരുന്നുവെന്നാണ് വിവരം. തൊട്ടടുത്തുള്ള വീട്ടിലുള്ളവർ വീട്ടിൽ വലിയ ശബ്‌ദത്തോടെ തീ കത്തുന്നത് കണ്ടത്. ഉടൻതന്നെ അയൽവാസികൾ ചേർന്ന് തീ അണക്കാൻ ശ്രമിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. പിന്നാലെ വീട്ടിനകത്ത് സാരമായി പൊള്ളലേറ്റ ജോജിയെയും കുടുംബത്തെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെയും നില ഗുരുതരമായി തുടരുകയാണ്. വീടിന് തീകൊളുത്തിയ ശേഷം ജോൺസൺ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. വീടിന്‍റെ ടെറസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജോൺസനെ പൊലീസും നാട്ടുകാരും ചേർന്ന് തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺസൺ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തുവരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.