വീട്ടിൽ ബാർ മോഡൽ മദ്യ വിൽപ്പന; അച്ഛനും മകനും പിടിയിൽ - selling liquor at home in Attappadi
🎬 Watch Now: Feature Video
പാലക്കാട് : അട്ടപ്പാടിയിൽ വീട്ടിൽ ബാർ മോഡൽ മദ്യ വിൽപ്പന നടത്തിയ അച്ഛനും മകനും പിടിയിൽ. നെല്ലിപ്പതി മൂച്ചിക്കടവിൽ അശോകൻ, മകൻ ജയൻ എന്നിവരെയാണ് അഗളി എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. അര ലിറ്റർ, ഒരു ലിറ്റർ എന്നിങ്ങനെ 65 കുപ്പി മദ്യമാണ് പൊലീസ് ഇവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.
അര ലിറ്റർ, ഒരു ലിറ്റർ കുപ്പി മദ്യം വേണ്ടാത്തവർക്ക് ആവശ്യത്തിന് മദ്യം കുടിക്കാൻ നൽകിയിരുന്നു. വീട്ടിൽ വച്ചും വീടിനോട് ചേർന്നുള്ള പറമ്പിൽ വച്ചുമാണ് മദ്യം വിതരണം ചെയ്‌തിരുന്നത്. മദ്യം കഴിക്കുമ്പോൾ തൊട്ടു കൂട്ടാനുള്ള ടച്ചിങ്‌സും ഇവർ നൽകിയിരുന്നു. മദ്യ വിതരണം നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് അഗളി എക്സൈസ് ഈ വീട് നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് മദ്യ ശേഖരം പിടികൂടിയത്. തെരച്ചിലിൽ 36 ലിറ്റർ മദ്യവും നാല് കിലോ നിരോധിത പുകയില ഉത്പന്നങ്ങളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. അട്ടപ്പാടിയിൽ ഇത്തരത്തിൽ വീടുകളിലൂടെ മദ്യ വിൽപ്പന കൂടി വരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് വ്യാപകമായി തെരച്ചിൽ സംഘടിപ്പിച്ചത്. അട്ടപ്പാടിയിൽ വിവിധയിടങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം 40,000 ലിറ്റർ വാഷാണ് എക്സൈസ് പിടികൂടിയത്. 200 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ആളില്ലാത്ത രീതിയിൽ ഉൾവനങ്ങളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.