നാനൂറോളം വാഴകൾ അജ്ഞാതർ വെട്ടിനിരത്തി; കണ്ണീരോടെ കർഷകൻ - കളത്തിങ്ങൽ വിനോദ്
🎬 Watch Now: Feature Video
Published : Nov 27, 2023, 4:50 PM IST
കോഴിക്കോട്: പെരുവയൽ ചെറുകുളത്തൂരിൽ (Cherukulathoor) കർഷകന്‍റെ വാഴ-നെല്‍ കൃഷികള്‍ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു ( Farmer Complaints Anti Socials Destroyed His Crops). എസ് വളവിലെ കർഷകനായ കളത്തിങ്ങൽ വിനോദിന്‍റെ കൃഷികളാണ് നശിപ്പിച്ചത്. വിനോദ് ഉണ്ടോടി പാടത്തെ കൃഷിയിടത്തിൽ നട്ട 380 ഓളം നേന്ത്രവാഴ തൈകളും, തൊട്ടടുത്തു തന്നെയുള്ള അദ്ദേഹത്തിന്‍റെ നെൽകൃഷിയും നശിപ്പിച്ചു. രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് വാഴകൃഷി പൂർണ്ണമായി വെട്ടി നശിപ്പിച്ചത് വിനോദിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. മൂന്നുമാസം മുൻപ് വച്ച നേന്ത്രവാഴ തൈകളാണ് നശിപ്പിക്കപ്പെട്ടവ. കൃഷി നശിപ്പിച്ചതിനെ തുടർന്ന് വിനോദ് കുന്ദമംഗലം പൊലീസിൽ (Kundamangalam Police) പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെക്കാലമായി ഉണ്ടോടി പാടത്ത് കൃഷി ചെയ്യുന്ന കർഷകനാണ് വിനോദ്. ആദ്യമായാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടാകുന്നത്. വാഴ കൃഷി നശിച്ചതോടെ അൻപതിനായിരം രൂപയിലേറെ നഷ്‌ടമാണ് വിനോദിനുണ്ടായത്. കൂടാതെ പത്ത് സെന്‍റിലേറെ സ്ഥലത്തെ കതിരുവന്ന നെൽകൃഷി പിഴുതെറിഞ്ഞ നഷ്‌ടം വേറെയുമുണ്ട്. അതുകൊണ്ടുതന്നെ കൃഷി നശിപ്പിച്ചവരെ അടിയന്തരമായി കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് വിനോദിന്‍റെ ആവശ്യം.