Fake experience certificate | വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലെന്ന കെ വിദ്യയുടെ വാദം പൊളിഞ്ഞു ; ബയോഡാറ്റ പുറത്ത്
പാലക്കാട് : വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്ന കെ വിദ്യയുടെ വാദം പൊളിഞ്ഞു. വിദ്യ സമർപ്പിച്ച ബയോഡാറ്റ പുറത്ത്. അട്ടപ്പാടി ആർ.ജി.എം കോളജിൽ മലയാളം ഗസ്‌റ്റ് ലക്‌ചററുടെ അഭിമുഖത്തിന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നായിരുന്നു വിദ്യയുടെ വാദം. ഇതിനിടയിലാണ് എറണാകുളം മഹാരാജാസ് കോളജിൽ 20 മാസം ഗസ്‌റ്റ് ലക്‌ചററായി ജോലി ചെയ്‌തിട്ടുള്ളതായി ബയോഡാറ്റയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അഗളി പൊലീസ് ബയോഡാറ്റയോടൊപ്പം പിടിച്ചെടുത്ത മഹാരാജാസിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്‍റെ പകർപ്പിൽ വിദ്യ സ്വയം സാക്ഷ്യപ്പെടുത്തിയിരുന്നില്ല. പക്ഷേ ബയോഡാറ്റയിൽ രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആർ.ജി.എം കോളജിൽ സിസിടിവി ദൃശ്യങ്ങൾക്ക് അഞ്ച് ദിവസം മാത്രമാണ് ബാക്കപ്പുള്ളതെന്ന് കോളജ് അധികൃതർ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.സലീമിനെ തെറ്റിധരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സിസിടിവി ദൃശ്യങ്ങൾ എടുക്കാതെ പൊലീസ് തിരിച്ചുവന്നിരുന്നു.
എന്നാല്‍ 12 ദിവസം സിസിടിവി ബാക്കപ്പുണ്ടെന്ന് കോളജ് പ്രിൻസിപ്പാള്‍ പറഞ്ഞതോടെ അഗളി പൊലീസെത്തി ഹാർഡ് ഡിസ്‌ക് കൊണ്ടുപോയി. കാലടിയിലും, എറണാകുളത്തും സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് വിദ്യയ്ക്കായി അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം രണ്ടാം തീയതി അഭിമുഖത്തിനായി ഒരു വെള്ളക്കാറിലാണ് വിദ്യ എത്തിയത്. ഈ കാർ മണ്ണാർക്കാട് രജിസ്ട്രേഷനിലുള്ളതാണ്. വാഹനം ആരുടേതാണെന്നും, വിദ്യയോടൊപ്പം ആരാണ് കാറിലെത്തിയതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.