Aluva murder| 'കുട്ടിയുടെ കൈപിടിച്ച് പോകുന്നത് കണ്ടു, ചോദിച്ചപ്പോൾ മകളാണെന്ന് പറഞ്ഞു'; ദൃക്‌സാക്ഷി താജുദ്ധീൻ പറയുന്നു - Five year old girl murder in Aluva
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/29-07-2023/640-480-19129967-thumbnail-16x9-dvsv.jpg)
എറണാകുളം : ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്‌ഫാക്ക് ആലം പെൺകുട്ടിയുമായി മാർക്കറ്റിലൂടെ നടന്ന് പോകുന്നത് കണ്ടതായി ദൃക്‌സാക്ഷിയായ താജുദ്ധീൻ. സംശയം തോന്നിയതിനാൽ കുട്ടി ആരുടേതാണെന്ന് താൻ ചോദ്യം ചെയ്‌തിരുന്നതായും ആലുവ മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായ താജുദ്ധീൻ ഇടിവി ഭാരതിനോട് പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ് പ്രതി പെൺകുട്ടിയുമായി വരുന്നത് ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നി പെണ്‍കുട്ടി ആരുടേതാണെന്ന് ചോദ്യം ചെയ്‌തപ്പോൾ തന്‍റെ മകളെന്നാണ് പ്രതി പറഞ്ഞത്. കുട്ടിയെ പ്രതി കയ്യിലെടുക്കുകയും അവരുടെ ഭാഷയിൽ പരസ്‌പരം സംസാരിക്കുകയും ചെയ്യുന്നത് കണ്ടതിനാലാണ് താൻ കൂടുതൽ അന്വേഷിക്കാതിരുന്നത്. മാർക്കറ്റിനുള്ളിൽ എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ കൈ കൊണ്ട് മദ്യപിക്കാൻ എന്ന് ആംഗ്യം കാണിച്ചാണ് ഇയാൾ പോയത്. പിന്നാലെ രണ്ട് പേർ വരുന്നതായും കണ്ടു. പിന്നീട് താൻ മടങ്ങി. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന് വാർത്ത താൻ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് താൻ പ്രതിയെ തിരിച്ചറിഞ്ഞതെന്നും തുടർന്ന് പൊലീസുകാരെ വിവരമറിയിക്കുകയായിരുന്നുവെന്നും താജുദ്ധീൻ കൂട്ടിച്ചേർത്തു.