EP Jayarajan| 'സംസ്ഥാനത്ത് തെങ്ങില്‍ കയറാന്‍ ആളില്ല, തഴമ്പുള്ള യുവാക്കളെ പെണ്‍കുട്ടികള്‍ ഇഷ്‌ടപ്പെടില്ല': ഇപി ജയരാജന്‍ - kerala news updates
🎬 Watch Now: Feature Video
കോഴിക്കോട്: സംസ്ഥാനത്ത് തെങ്ങില്‍ കയറാനും തേങ്ങയിടാനും ആളില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തെങ്ങ് കയറുമ്പോൾ കാലിലും കൈകളിലും ഉണ്ടാകുന്ന തഴമ്പ് പെൺകുട്ടികൾ ഇഷ്‌ടപ്പെടുന്നില്ല. സൗന്ദര്യ ശാസ്ത്രത്തിൽ ഇത്തരക്കാര്‍ക്ക് സ്ഥാനമില്ല. അതുകൊണ്ടാണ് യുവാക്കൾ ഈ മേഖലയിലേക്ക് കടന്ന് വരാത്തതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി തെങ്ങുകൾ വച്ച് പിടിപ്പിച്ച് റിസോർട്ട് രൂപത്തിലാക്കിയാൽ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവരെ ആകർഷിക്കാൻ കഴിയുമെന്നും ജയരാജൻ പറഞ്ഞു. ഇതെല്ലാം മാര്‍ക്കറ്റിങ് തന്ത്രങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
അനുശോചന സമ്മേളനത്തിലെ മൈക്ക് പ്രശ്‌നത്തിലും പ്രതികരണം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ അനുസ്‌മരണ യോഗത്തിലുണ്ടായ മൈക്ക് തകരാറിനെ കുറിച്ചും പ്രതികരണവുമായി ഇപി ജയരാജന്‍. സമ്മേളനത്തില്‍ നിരവധി പേര്‍ സംസാരിച്ചു. അവരെല്ലാം സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ യാതൊരു മുദ്രാവാക്യം വിളിയും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല മൈക്കിനും യാതൊരുവിധ തകരാറുകളും സംഭവിച്ചില്ല. എന്നാല്‍ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കാന്‍ എഴുന്നേറ്റതോടെ മുദ്രാവാക്യം വിളികളുയര്‍ന്നു. സംസാരം തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ മൈക്ക് തകരാറിലാവുകയും ചെയ്‌തു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ആരാണെങ്കിലും മൈക്ക് തകരാറില്‍ സംശയിച്ചേക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.