'ട്രെയിൻ തീവയ്‌പ്പ് കേസില്‍ പൊലീസിന് തുടക്കംതന്നെ പാളി'; എന്‍ഐഎ അന്വേഷണം വേണമെന്ന് കെ സുധാകരന്‍ - k sudhakaran against kerala police
🎬 Watch Now: Feature Video
കണ്ണൂർ : എലത്തൂര്‍ ട്രെയിൻ തീവയ്‌പ്പ് കേസിൽ സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി രംഗത്ത്. കേരള പൊലീസിന്‍റെ അന്യായമായ പെരുമാറ്റവും പ്രകൃതവും ചിന്തയും ആദ്യംതന്നെ കേസിനെ തെറ്റായ വഴിയിലൂടെ നടത്തി. പരിക്കേറ്റ നിരപരാധിയായ ചെറുപ്പക്കാരനെ കേസിൽ കുടുക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരിക്കേറ്റ ആ ചെറുപ്പക്കാരന്‍ പറയുന്നത് പൊലീസ് കണക്കിലെടുത്തിരുന്നെങ്കില്‍ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്താനും ഒരുപക്ഷേ മരണം ഒഴിവാക്കാനും ഇടയാക്കിയേനെ. എല്ലാ സാധ്യതകളും നഷ്‌ടപ്പെടുത്തിയ കേരള പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. കേസ് എന്‍ഐഎ അന്വേഷിച്ചാൽ കൃത്യമായ വസ്‌തുത പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കും. കേരളത്തിലെ ജനങ്ങളുടെ പിന്തുണയാണ് അവിടെ കാണാൻ പോവുന്നതെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. കെ മുരളീധരന്‍റെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചപ്പോൾ, അതേക്കുറിച്ച് അദ്ദേഹത്തിനോട് ചോദിക്കണം എന്നായിരുന്നു സുധാകരന്‍റെ മറുപടി. സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയ വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.