300 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; കേച്ചേരി ഫിനാന്‍സ് ആസ്ഥാനത്ത് ഇഡി പരിശോധന
🎬 Watch Now: Feature Video
കൊല്ലം: 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന കേച്ചേരി ഫിനാൻസിന്‍റെ ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് സംഘം പരിശോധന നടത്തി. കൊല്ലം പുനലൂരിലെ ഹെഡ് ഓഫിസിലായിരുന്നു പരിശോധന. മണിക്കൂറുകളോളം പരിശോധന നീണ്ടു.
ഓഫിസിൽ സൂക്ഷിച്ചിരുന്ന രേഖകൾ മുഴുവൻ ഇഡി സംഘം മാറ്റി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു പരിശോധന. നിക്ഷേപകരിൽ നിന്ന് 240 കോടി രൂപ സ്വീകരിച്ച ശേഷം പണം തിരികെ നൽകാതായതോടെയാണ് കേച്ചേരി ഫിനാന്‍സ് ഉടമ വേണുഗോപാൽ അറസ്റ്റിലായത്.
സ്ഥാപനത്തിന്‍റെ വിവിധ ശാഖകളിലെ നിക്ഷേപകരുടെ നൂറിലധികം പരാതികളിൽ ഇയാള്‍ക്ക് എതിരെ കേസുണ്ട്. നിക്ഷേപകരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കേസ് ഏറ്റെടുത്തത്. നിക്ഷേപ തുകയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുള്ള മുഴുവൻപേരെയും പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇഡി പരിശോധന.
തട്ടിപ്പിലെ കൂട്ടുപ്രതികളെ കുറിച്ചും അന്വേഷണം നടക്കുകയാണ്. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് വേണുഗോപാലിനെ ഇഡി കസ്റ്റഡിയിൽ വാങ്ങിയത്. ശേഷം പുനലൂരിൽ എത്തിച്ചായിരുന്നു പരിശോധന. വേണുഗോപാലിന്‍റെ വീട്ടിലും പരിശോധന നടന്നു.
ഇടപാടുകാരുടെയും ജീവനക്കാരുടെയും മൊഴിയെടുത്ത ഇഡി സംഘം സ്ഥാപനത്തിലെ മുഴുവൻ രേഖകളും കൊച്ചിയിലേക്ക് കൊണ്ട് പോയി. സായുധ സേനയുടെ സുരക്ഷയിലായിരുന്നു നടപടി ക്രമങ്ങൾ.