'ലഹരിയില്‍ നിന്നും പൊലീസ് കുടുംബങ്ങള്‍ മുക്തമല്ല'; വിരമിക്കല്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതികരിച്ച് ഡിജിപി എസ് ആനന്ദകൃഷ്‌ണന്‍ - ആനന്ദകൃഷ്‌ണന്‍

🎬 Watch Now: Feature Video

thumbnail

By

Published : May 31, 2023, 5:14 PM IST

തിരുവനന്തപുരം: ലഹരിയില്‍ നിന്നും പൊലീസ് കുടുംബങ്ങള്‍ മുക്തമല്ലെന്ന് ഡിജിപി എസ്.ആനന്ദകൃഷ്‌ണന്‍. ജീവന്‍ നല്‍കിയും സേനാംഗങ്ങള്‍ പൊതുജന സേവനത്തിന് തയ്യാറാകണമെന്നാണ് പൊതുജനം പ്രതീക്ഷിക്കുന്നതെന്നും ഡോ.വന്ദന ദാസിന്‍റെ കൊലപാതകത്തിലടക്കം ഇത് നാം കണ്ടതാണെന്നും എസ്.ആനന്ദകൃഷ്‌ണന്‍ പറഞ്ഞു. വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെ പ്രതികരണം: ശരീരവും മനസും നന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ കര്‍ത്തവ്യ നിര്‍വഹണം സാധ്യമാകു. സമൂഹത്തിലെ വലിയ വെല്ലുവിളിയായി മയക്കുമരുന്ന് മാറി. ശാരീരിക മാനസിക ആരോഗ്യ പ്രശ്‌നങ്ങളും ദൈനംദിന സംഘര്‍ഷങ്ങളും നമ്മളില്‍ കുറച്ച് പേരെയെങ്കിലും സമാധാനത്തിനായി ലഹരിയുടെ വഴി തേടാന്‍ പ്രേരിപ്പിക്കുന്നു. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനോ എക്‌സൈസ് ഉദ്യോഗസ്ഥനോ ആയതുകൊണ്ട് മാത്രം ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും നമ്മുടെ കുടുംബങ്ങളും വിമുക്തരും സുരക്ഷിതരുമല്ലായെന്ന് നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കുടുംബാംഗങ്ങളില്‍ തന്നെ ചിലര്‍ അത്തരം അപകടങ്ങളില്‍ ചെന്നുചാടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ദൈനംദിനമായി നാം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമായ ഒന്നാണ് ഇത്. പൊലീസ് സേന എന്നുള്ള നിലക്ക് ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാനുള്ള വഴികളും നാം നേടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സേനയെ പ്രശംസിച്ച്: കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പൊലീസ് സേനയാണ്. ഏറ്റവും താഴെതട്ട് മുതല്‍ എല്ലാ സേനാംഗത്തിന്‍റെയും അര്‍പ്പണത്തിന്‍റെ ഫലമാണത്. പൊലീസ് സേനാംഗത്തിന്‍റെ ജീവിതം സാധാരണ ജീവിതമല്ല. സേവന വേതന വ്യവസ്ഥകള്‍ പര്യാപ്‌തമല്ലെന്ന് പരാതി പറയാമെങ്കിലും ഈ ജോലി ഒരു മഹത്വമുള്ള ജോലിയാണെന്നും അത് നാം മനസിലാക്കണമെന്നും എസ്.ആനന്ദകൃഷ്‌ണന്‍ പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പൊലീസിന്‍റെ ചുമതല. സമൂഹത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന ഓരോ പ്രശ്‌നങ്ങള്‍ ഉയരുമ്പോഴും പൊലീസ് ഉദ്യോഗസ്ഥരെന്ന നിലയില്‍ നാം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആ പ്രശ്‌നത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും നാം അതിനെ കുറിച്ച് ഒരു അഭിപ്രായം രൂപപ്പെടുത്തേണ്ടതുണ്ട്. പൊലീസ് ഇക്കാര്യത്തില്‍ ചെയ്‌തത് ശരിയായിരുന്നോ, മറ്റൊരു തരത്തില്‍ പ്രവര്‍ത്തിക്കാമായിരുന്നോ എന്നെല്ലാം നാം ചിന്തിക്കുന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് വലിയ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സര്‍വീസ് അനുഭവങ്ങള്‍ പങ്കുവച്ച്: 34 ഓളം വര്‍ഷത്തെ പൊലീസ് ജീവിതം പൂര്‍ത്തിയാക്കുമ്പോള്‍ പൊലീസില്‍ തന്നെ എന്‍റെ ജീവിതം കൊണ്ടെത്തിച്ചതിന് എനിക്ക് വിധിയോടും ഈശ്വരനോടും നന്ദി മാത്രമാണുള്ളത്. കേരള പൊലീസിന് ലഭിച്ചിട്ടുള്ള എല്ലാ അംഗീകാരങ്ങളിലും നിങ്ങള്‍ ഓരോരുത്തരും അംഗങ്ങളാണ്. ഔദ്യോഗിക ജീവിതത്തില്‍ എന്നോട് സഹകരിച്ചിട്ടുള്ള വിവിധ ശ്രേണികളിലുള്ള ആയിരക്കണക്കിന് സഹപ്രവര്‍ത്തകരുമായി പലപ്പോഴും ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെന്നും ഇവരെല്ലാം എനിക്ക് സ്‌നേഹവും സഹകരണവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂനിയറും സീനിയറുമായ എല്ലാ സഹപ്രവര്‍ത്തകരെയും താന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ, എക്‌സൈസ് മേധാവി എസ്.ആനന്ദകൃഷ്‌ണന്‍ എന്നിവര്‍ക്കായിരുന്നു പൊലീസ് സേന എഎസ്എപി ക്യാമ്പില്‍ യാത്രയയപ്പ് നല്‍കിയത്. സേനയുടെ പരേഡും യാത്രയയപ്പ് ചടങ്ങിലുണ്ടായിരുന്നു. 

Also Read: 'ഒരു എസ്‌പിയുടെ രണ്ട് ആണ്‍മക്കള്‍ വരെ ലഹരിക്കടിമകളായി' ; ഗുരുതര വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.