മകരവിളക്കിനൊരുങ്ങി സന്നിധാനം;ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് - മകരവിളക്ക് തിരക്ക്
🎬 Watch Now: Feature Video
Published : Jan 14, 2024, 4:27 PM IST
പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി നിൽക്കുന്ന സന്നിധാനം ഭക്തി സാന്ദ്രമാണ് (Devotees Crowd in Sabarimala). നാളെയാണ് മകരവിളക്ക്. വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് തുടങ്ങിയ ഭക്തജന പ്രവാഹം ഇപ്പോഴും തുടരുകയാണ്. ശരംകുത്തിയും പിന്നിട്ടു തീർത്ഥാടകരുടെ നിര നീളുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെ എത്തിയ അയ്യപ്പ ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരങ്ങളിലും പർണ്ണശാല കെട്ടി തമ്പടിച്ചിട്ടുണ്ട്. മകരവിളക്ക് ദിവസം തീർത്ഥാടകരെ രാവിലെ 11.30 ന് ശേഷം പമ്പയിൽ നിന്നും മല ചവിട്ടാൻ അനുവദിക്കില്ല. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം ഭക്തർ സന്നിധാനത്തും, പരിസര പ്രദേശങ്ങളിലുമായി മകരവിളക്ക് ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം അധികൃതരുടെ കണക്കുകൂട്ടൽ. അതിനാൽ തന്നെ വലിയ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. നാളെ പുലർച്ചെ 2.46നാണ് ( ജനുവരി 15 ) മകര സംക്രമം. മകര സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണ വുമായി പന്തളത്തു നിന്നും പുറപ്പെട്ട തിരുവഭരണ ഘോഷയാത്ര നാളെ വൈകിട്ട് 5.30 ന് ശരംകുത്തിയിൽ എത്തും. ഇവിടെ നിന്നും ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിക്കും. വൈകിട്ട് 6.30 ന് തിരുവഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയമാകും കിഴക്ക് ദിക്കിൽ ആകാശത്തു മകര നക്ഷത്രം ഉദിക്കുക.സന്നിധാനവും പരിസവും ശരണ മന്ത്രങ്ങലാൽ നിറഞ്ഞ് നിൽക്കുമ്പോൾ പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിയും.