Crocodile attack| നദിയിൽ തുണി അലക്കുന്നതിനിടെ യുവതിയെ കടിച്ചുകൊന്ന് മുതല ; ആക്രമണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - Crocodile attack woman
🎬 Watch Now: Feature Video
ജാജ്‌പൂർ (ഒഡിഷ): നദീതീരത്ത് തുണി അലക്കുന്നതിനിടെ യുവതിയെ മുതല കടിച്ചുകൊന്നു. ഒഡിഷയിലെ ജാജ്‌പൂർ ജില്ലയിലെ ബാരി ബ്ലോക്കിന് കീഴിലുള്ള പലതാപൂർ ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം. ഇന്ന് രാവിലെയാണ് ബിരൂപ നദിയുടെ തീരത്ത് തുണി അലക്കുന്നതിനായി പോയ ജ്യോത്സന ജെന എന്ന യുവതി മുതലയുടെ ആക്രമണത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. നദി തീരത്ത് നിന്നും യുവതിയെ ആഴങ്ങളിലേക്ക് കടിച്ചുകൊണ്ടുപോയാണ് മുതല ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മുതല യുവതിയെ കടിച്ചുകുടയുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തെരച്ചിലിനൊടുവിൽ കരയോട് ചേർന്ന് യുവതിയുടെ വികൃതമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒഡിഷയിലെ കേന്ദ്രപാര ജില്ലയിൽ നാല് പേരാണ് മുതലയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. ഉപ്പുവെള്ള മുതലകളുടെ ആവാസകേന്ദ്രമായ ഭിതാർകനിക ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ജൂലൈ 28നാണ് കേന്ദ്രപാര സ്വദേശിയായ അമൂല്യ ദാസ് എന്ന വയോധികൻ ബ്രാഹ്മണി നദിയിൽ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂൺ 29 ന്, ഘഗരദിഹ ഗ്രാമത്തിലെ 56-കാരനായ ഗംഗാധര തരായി കൊല്ലപ്പെട്ടിരുന്നു. ജൂൺ 22ന് രാജ്‌നഗർ ബ്ലോക്കിൽ പാത്രങ്ങൾ കഴുകുന്നതിനിടെ ഒരു സ്‌ത്രീയെ മുതല വെള്ളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ജൂൺ 14 ന് അമ്മയുടെ കൺമുന്നിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ആക്രമണത്തിന് ഇരയായി.