ബബിയ ഓര്‍മയായിട്ട്‌ ഒന്നരവർഷം; അനന്തപുരം ക്ഷേത്ര തടാകത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 12, 2023, 9:57 AM IST

കാസർകോട് : അനന്തപുരം ക്ഷേത്ര തടാകത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു. ഒന്നരവർഷം മുമ്പ് ബബിയ എന്ന മുതല ചത്തിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്രത്തിൽ മുതല പ്രത്യക്ഷപ്പെട്ടത് (Crocodile appeared in Ananthapura temple lake). ക്ഷേത്രത്തിൽ എത്തിയ ഒരാൾ മുതലയെ കണ്ടെന്ന വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ക്ഷേത്ര അധികൃതർ കുളത്തിൽ പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് മുതലയെ കണ്ടെത്തിയത്. നിവേദിച്ച പ്രസാദ ചോറ് കഴിച്ച് ജീവിച്ച കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല ക്ഷേത്രത്തിന്‍റെ പ്രത്യേകതയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഒൻപതിനാണ് ബബിയ ഓർമയായത്. വീണ്ടും തടാകത്തിൽ മുതല പ്രത്യക്ഷപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ അധികൃതർ വ്യാജ പ്രചാരണമാണെന്നും പരിശോധന നടത്തണമെന്നും അറിയിക്കുകയായിരുന്നു. കുളത്തിന്‍റെ ഒരു ഭാഗത്തായി ഒരു മടയുണ്ട്. ഇതിലാണ് സ്ഥിരമായി മുമ്പുണ്ടായിരുന്ന മുതല കഴിഞ്ഞുവന്നിരുന്നത്. പൂജ കഴിഞ്ഞു പൂജാരി മണിയടിക്കുമ്പോൾ മാത്രമാണ് മുതല നിവേദ്യ ചോറിനായി പുറത്തിറങ്ങാറുണ്ടായിരുന്നതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ മടയിലാണ് ഇപ്പോൾ കണ്ടെത്തിയ മുതല ഉണ്ടായിരുന്നതെന്നും വൈകിട്ടോടെയാണ് മുതല പുറത്തുവന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറയുന്നു. 1945 ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന ബ്രിട്ടീഷ് സൈനികന്‍ വെടിവച്ചുകൊന്നതായും എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് നേരത്തെയുള്ള ഐതിഹ്യം. മുമ്പുണ്ടായിരുന്ന മുതലയിൽ നിന്നും വന്യമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് പൂജാരിയും നാട്ടുകാരും പറഞ്ഞിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മീനുകളെ പോലും ബബിയ ഉപദ്രവിക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പുതുതായി പ്രത്യക്ഷപ്പെട്ട മുതലയെ കാണാൻ നിരവധി ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. കേരളത്തിലെ ഏക തടാകക്ഷേത്രമാണ് അനന്തപുരം ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം അനന്തപുര ക്ഷേത്രമാണെന്നാണ് വിശ്വാസം. ഒമ്പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുളളതെന്ന് കരുതപ്പെടുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.