പാർക്കിങിനെ ചൊല്ലി തർക്കം; അങ്കണവാടി ടീച്ചറെ സിഐടിയു തൊഴിലാളി മർദിച്ചതായി പരാതി
🎬 Watch Now: Feature Video
കൊല്ലം: സിപിഎം തൊഴിലാളി സംഘടന പ്രവർത്തകൻ അങ്കണവാടി ടീച്ചറെ മർദിച്ചതായി പരാതി. കൊല്ലം മയ്യനാട് വലിയവിള 26-ാം നമ്പർ അങ്കണവാടി ടീച്ചർ ലേജുവാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അച്ചടക്ക നടപടിയെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ സിഐടിയു യൂണിയൻ തൊഴിലാളിയായ വലിയവിളയിൽ ബാബുവിനെതിരെയാണ് പരാതി.
അങ്കണവാടിയിലേക്ക് വരുന്ന വഴിയിലായിരുന്നു ബാബു തന്‍റെ വാഹനമായ ഗുഡ്‌സ് ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നടന്നിരുന്നു. രക്ഷകർത്താക്കളുടേയും, ടീച്ചർമാരുടേയും വാഹനം കടന്ന് പോകാൻ കഴിയാതായതോടെ അങ്കണവാടി ടീച്ചർ ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം അങ്കണവാടിയിലേക്കുള്ള വഴിയിൽ വാഹനം പാർക്ക് ചെയ്‌തിട്ട് പോയ ബാബുവിനോട് വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടതോടെ യാതൊരു പ്രകോപനവും കൂടാതെ ഇയാൾ മർദിക്കുകയായിരുന്നു എന്നാണ് ടീച്ചറുടെ പരാതി. ബാബു തന്നെ മുടിക്ക് പിടിച്ച് താഴെയിട്ട് വയറ്റിൽ ചവിട്ടുകയും, വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്‌തതായും തടസം പിടിക്കാൻ എത്തിയ സമീപവാസിയായ കൊച്ചുരാജനെ മർദിച്ചതായും പരാതിയിൽ ഉന്നയിക്കുന്നു.
മർദനത്തിൽ പരിക്കേറ്റ ടീച്ചർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ടീച്ചറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.