'കേരളത്തെ കുറിച്ച് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, കെ റെയില്‍ പദ്ധതി ഉറപ്പായും നടപ്പിലാക്കും': എംവി ഗോവിന്ദന്‍ - സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
🎬 Watch Now: Feature Video
തിരുവനന്തപുരം: കേരളം വികസനത്തിൽ പിന്നോട്ടാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന വസ്‌തുത വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെ കൊച്ചിയിൽ നടന്ന യുവം പരിപാടിക്കിടെ നടത്തിയ മോദിയുടെ പ്രസ്‌താവനയെ കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനെതിരെ പ്രധാനമന്ത്രി കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കെ റെയിൽ പദ്ധതി ഉറപ്പായും നടപ്പിലാക്കുമെന്നും ഇത് കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയാണെന്നും ഗോവിന്ദൻ പറഞ്ഞു. ഈ സർക്കാർ അല്ലെങ്കിൽ മറ്റൊരു സർക്കാർ കെ റെയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എല്ലാ മേഖലകളിലും കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്ന് മോദിക്ക് തന്നെ അറിയാം. അതുകൊണ്ടാണ് കേരളത്തിൽ എപ്പോൾ അധികാരത്തിൽ വരുമെന്നോ എത്ര സീറ്റ് നേടും എന്നോ പ്രധാനമന്ത്രി പറയാതിരുന്നത്. മോദിയുടെ പ്രസംഗം വിവർത്തനം ചെയ്യുന്ന കേന്ദ്രമന്ത്രി വി മുരളീധരന് മാത്രമാണ് ആവേശം.
നീതി അയോഗിന്‍റെ കണക്ക് അനുസരിച്ച് കേരളമാണ് എല്ലാ മേഖലകളിലും ഒന്നാമത്. എന്നാൽ ഇത് അവഗണിച്ച് കൊണ്ട് കേരളത്തിലുള്ള വിഹിതങ്ങൾ കേന്ദ്രം വെട്ടി കുറയ്ക്കുകയാണ്. കേരളത്തിൽ എംയിസിന് പിന്തുണ നൽകുമെന്നും റെയിൽവേ സോൺ അനുവദിക്കുമെന്നത് പ്രസ്‌താവനകളിൽ മാത്രം ഒതുങ്ങിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം ഓരോ കൊല്ലവും വെട്ടി കുറയ്ക്കുകയാണ്. റെയിൽവേ വികസനത്തിന്‍റെ ഭാഗമായ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറി ഇതുവരെ കേരളത്തിൽ നൽകിയിട്ടില്ല. ക്ഷേമ പെൻഷൻ വിതരണം തുച്ഛമായ ശതമാനം മാത്രമാണ് കേന്ദ്രം നൽകുന്നത്. വ്യാപകമായ കള്ളപ്രചരണം നടത്തുന്നതിൽ ആർഎസ്എസിനെയും ബിജെപിയേയും കടത്തി വെട്ടുന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്.
പ്രളയ സമയത്ത് യുഎഇ കേരളത്തിന് നല്‍കാമെന്ന് അറിയിച്ച 700 കോടിയുടെ സഹായം കേന്ദ്രം തടയുകയാണ് ചെയ്‌തത്. പിഎസ്‌സി വഴി കേരളം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. എന്നാൽ കേന്ദ്രത്തില്‍ ലക്ഷക്കണക്കിന് തൊഴിലുകള്‍ ഇല്ലാതാക്കിയിട്ട് ഒരു തൊഴില്‍ പോലും നഷ്‌ടമാകാത്ത കേരളത്തിൽ വന്ന് കള്ളം തട്ടിവിടുകയാണ്.
വന്ദേ ഭാരത് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നത് പോലെയാണ് കേരളത്തിനും നൽകിയത്. അതിനപ്പുറം മറ്റൊരു പ്രധാന്യവുമില്ല. മറ്റ് സംസ്ഥാനങ്ങളെ പോലെ സ്‌പീഡില്‍ കേരളത്തില്‍ വന്ദേ ഭാരതിന് ഓടാനാകില്ലെന്നും ഈ സാഹചര്യത്തിലാണ് കെ-റെയിലിന്‍റെ പ്രസക്തിയെന്നും ഗോവിന്ദൻ പറഞ്ഞു.
രാജ്യത്ത് തൊഴില്‍ സ്ഥിരതയില്ല: രാജ്യത്ത് സ്ഥിരം തൊഴിലില്ല. പട്ടാളത്തിൽ പോലും കരാർ നിയമനമാണിപ്പോൾ. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം പച്ചക്കള്ളം പ്രചരിപ്പിക്കുന്ന പരിപാടിയാക്കി മാറ്റി. സാധാരണ ആർഎസ്എസുകാരനെപ്പോലെ പ്രധാനമന്ത്രി സംസാരിക്കരുതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നത് പോലെ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കൂടുതല്‍ നടക്കുന്നത് ഗുജറാത്തിലെന്ന് എംവി ഗോവിന്ദന്‍: കേന്ദ്ര സർക്കാർ കയറ്റുമതി വർധിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ കേരളത്തിൽ ചിലർ രാവും പകലും അധ്വാനിക്കുന്നത് സ്വർണക്കടത്ത് നടത്തുന്നതിനാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ കേരളത്തെക്കാൾ ഏറ്റവും കൂടുതൽ സ്വര്‍ണക്കടത്ത് നടക്കുന്നത് ഗുജറാത്തിലാണെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടന്നപ്പോൾ സംസ്ഥാന സർക്കാരാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് സർക്കാരിന് കേസിൽ കുറ്റവാളികളെ കണ്ടെത്താനാകാത്തത്? സ്വപ്‌ന സുരേഷിന്‍റെ സ്വത്ത് കണ്ടുകെട്ടണ്ടയെന്ന് വിലക്കിയത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള മുന്നേറ്റം നേടാൻ സാധിച്ചുവെന്ന ബിജെപിയുടെ അവകാശവാദം ശുദ്ധ അസംബന്ധമാണ്. എന്തും വിളിച്ചു പറയാം എന്ന രീതിയിൽ കാര്യങ്ങൾ വിളിച്ചു പറയുകയാണ് പ്രധാനമന്ത്രി. ഗോവയിൽ കാലുമാറ്റത്തിലൂടെയാണ് ബിജെപി ഭരണത്തിൽ എത്തിയത്. ആകെ വിജയം നേടാൻ കഴിഞ്ഞത് ഗുജറാത്തിൽ മാത്രമാണ്.
ക്രൈസ്‌തവ ഭൂരിപക്ഷം ഉണ്ടായ പ്രദേശങ്ങളിൽ ഒന്നും ബിജെപിക്ക് നേട്ടങ്ങളുണ്ടാക്കാൻ ആയിട്ടില്ല. 37 ശതമാനം വോട്ടുകൾ മാത്രമെ നിലവിൽ ബിജെപിയ്‌ക്കുള്ളൂ. എം കെ സാനുവിനെ പോലുള്ളവർ വർഗീയ വിഭാഗത്തിന് അനുകൂലമായി ഒരിക്കലും നിൽക്കില്ല. അദ്ദേഹം ഈ പരിപാടിക്ക് പോയതല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷയിൽ കുറ്റം പറയുന്ന മാധ്യമങ്ങൾക്ക് പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വലിയ ആശങ്കയാണെന്നും സുരക്ഷ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ലെന്ന് ഇപ്പോൾ വ്യക്തമായല്ലോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ സ്‌കീം ചോർന്ന സംഭവം പരിശോധിക്കും.
പ്രധാനമന്ത്രിക്ക് യുപിയില്‍ ഇങ്ങനെ നടക്കാനാകുമോ?: പ്രധാനമന്ത്രിക്ക് റോഡിലൂടെ നടക്കാൻ കഴിയുന്നത് കേരളമായത് കൊണ്ടാണ്. ഇവിടത്തെ മതനിരപേക്ഷ മനസ് കൊണ്ടാണ്. യുപിയിൽ ആണെങ്കിൽ ഇങ്ങനെ നടക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. അതേ സമയം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയ സംഭവത്തിലും ഗോവിന്ദൻ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആര് പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹത്തിൻ്റെ ഓഫിസാണ്. മേയറെ ഒഴിവാക്കാറില്ല എന്നാൽ ഇപ്പോൾ ഒഴിവാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും എന്ത് ചെയ്‌താലും സംശയമുന്നയിക്കുന്നത് മാധ്യമങ്ങളുടെ സ്വഭാവമാണല്ലോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.