അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കടയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍ ; കാട്ടാനയെ മാറ്റിയത് ആശ്വാസമെന്ന് പ്രദേശവാസികള്‍ - ചിന്നക്കനാല്‍
🎬 Watch Now: Feature Video
ഇടുക്കി : ചിന്നക്കനാലില്‍ അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കടയ്ക്കായി ഒരുക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം അവസാന ഘട്ടത്തില്‍. ഒരു മാസത്തിനുള്ളില്‍ പുതിയ കെട്ടിടത്തില്‍ റേഷന്‍ കടയുടെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് ഉടമയുടെ പ്രതീക്ഷ. അരിക്കൊമ്പനെ കാട് മാറ്റിയതോടെ മേഖലയില്‍ കാട്ടാന ശല്യം ഗണ്യമായി കുറഞ്ഞത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാണ്.
ചിന്നക്കനാല്‍ പന്നിയാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന്‍ നിരന്തരം തകര്‍ക്കാറുണ്ടായിരുന്നു. ഒറ്റയാനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയതിന്, മുന്‍പുള്ള മാസങ്ങളില്‍ നിരവധി തവണ ഈ കടയ്ക്ക് നേരെ ആക്രമണമുണ്ടായി. അവസാന ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും ഉപയോഗ ശൂന്യമായി.
തുടര്‍ന്ന് ജില്ല കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തോട്ടം മേഖലയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനമായത്. നിലവില്‍ പന്നിയാര്‍ എസ്‌റ്റേറ്റിലെ കമ്പനി വക ലയൺസ് കെട്ടിടത്തിലാണ് റേഷന്‍ കട താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ വനം വകുപ്പ് സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ട്. ദിവസേന നാട്ടിലിറങ്ങിയിരുന്ന അരിക്കൊമ്പനെ കാട് മാറ്റിയതോടെ, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ആനശല്യം ഗണ്യമായി കുറഞ്ഞു.